Skip to main content

മുഖം മിനുക്കി കൊതുമ്പില്‍ തെക്കേക്കര കോളനി മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഏതു പ്രതിസന്ധിഘട്ടത്തിലും ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് പട്ടികജാതി-വര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍. അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം നവീകരിച്ച നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൊതുമ്പില്‍ തെക്കേക്കര കോളനിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.  
കൊല്ലം ഉള്‍പ്പെടെ ആറ് ജില്ലകളിലെ  തിരഞ്ഞെടുക്കപ്പെട്ട പത്ത് പട്ടികജാതി കോളനി വികസന പ്രവര്‍ത്തനങ്ങളുടെ  പൂര്‍ത്തീകരണ പ്രഖ്യാപനമാണ്  മന്ത്രി നിര്‍വഹിച്ചത്. മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ വസിക്കുന്ന ഗ്രാമങ്ങളാണ് അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതി പ്രകാരം വികസനത്തിനായി തിരഞ്ഞെടുക്കുന്നത്. വീടുകളുടെ അറ്റകുറ്റപ്പണികള്‍, ഗതാഗത സൗകര്യം, കുടിവെള്ള പദ്ധതി, ശുചീകരണം, പൊതുഇടങ്ങളുടെ നിര്‍മാണം എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഒരു സങ്കേതത്തിന്  ഒരു കോടി രൂപ വരെ വിനിയോഗിക്കാം.  ആറുമാസമാണ് നിര്‍മാണ കാലാവധി. സംസ്ഥാനത്തൊട്ടാകെ 249 പട്ടികജാതി സങ്കേതങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍  ദ്രുതഗതിയില്‍ പൂര്‍ത്തിയായിവരികയാണ്.
പദ്ധതിയുടെ ഭാഗമായി കൊതുമ്പില്‍ തെക്കേക്കര കോളനിയില്‍ പൊയ്കയില്‍, പൊയ്കയില്‍-നാടല്ലൂര്‍, ടി.വി സെന്റര്‍-നാടല്ലൂര്‍,  ആലുവിള-മുകളില്‍ ഭാഗം എന്നീ നാല് റോഡുകളുടെ  കോണ്‍ക്രീറ്റിംഗ് നടന്നു. കൂടാതെ സംരക്ഷണ ഭിത്തി, നടപ്പാത എന്നിവയും പൂര്‍ത്തിയാക്കി.  കുടിവെള്ള പദ്ധതിക്കായി 11 പൊതു ടാപുകളും സ്ഥാപിച്ചു.  നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍  ഒരു കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
  ചടങ്ങില്‍ പി അയിഷാ പോറ്റി എം എല്‍ എ   അധ്യക്ഷയായി.  കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ പി  ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ  ചിത്ര വത്സല, വാര്‍ഡ് മെമ്പര്‍ കെ ഉദയകുമാര്‍  കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ എസ് ആര്‍ സച്ചിന്‍ ദാസ്  തുടങ്ങിയവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍ 2175/2020)

date