Skip to main content

അമൃതം പദ്ധതി- ജില്ലയില്‍ പ്രതിരോധമരുന്ന് നല്‍കിയത് മുപ്പതിനായിരത്തിലധികം പേര്‍ക്ക്

 

കോവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ വകുപ്പ് നടപ്പാക്കുന്ന അമൃതം പദ്ധതി പ്രകാരം സംസ്ഥാനത്തെ 1206 ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ നല്‍കിയത് രണ്ടു ലക്ഷം പേര്‍ക്ക് . സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് പ്രതിരോധ മരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്തിരിക്കുന്നത്. ജില്ലയിലെ 104 ക്ലിനിക്കുകള്‍ മുഖേന മുപ്പതിനായിരത്തിലധികം പേര്‍ക്കാണ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തിരിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്വാറന്റൈനില്‍ കഴിയുന്നവരെ ഫോണില്‍ ബന്ധപ്പെട്ട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും തുടര്‍ന്ന് ആശ വര്‍ക്കര്‍മാര്‍ മുഖേന 14 ദിവസത്തേക്കുള്ള ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യുകയുമാണ് ആദ്യഘട്ടത്തില്‍  ചെയ്യുന്നത്. 14 ദിവസത്തെ മരുന്ന് കഴിച്ചതിനു ശേഷം ശാരീരിക മാറ്റങ്ങള്‍ മാനസിലാക്കുന്നതിനും മറ്റു നിര്‍ദ്ദേശങ്ങള്‍ക്കുമായി ടെലി കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.

കഷായം, ചൂര്‍ണം, ഗുളിക മുതലായ പ്രതിരോധ മരുന്നുകള്‍ നല്‍കിയതിനു ശേഷം പോസിറ്റീവ് ആകുന്നവരില്‍ മരുന്ന് കഴിച്ചവരുടെ എണ്ണം, കഴിക്കാത്തവരുടെ എണ്ണം, എന്നിങ്ങനെ തരംതിരിച്ച് സ്‌റ്റേറ്റ് ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുഖായുഷ്യം പദ്ധതി വഴി 2.7 ലക്ഷം പേര്‍ക്കും 60 വയസിന് താഴെയുള്ളവര്‍ക്കുള്ള സ്വാസ്ഥ്യം പദ്ധതി വഴി മൂന്നു ലക്ഷം പേര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. നാഷണല്‍ ആയുഷ്മിഷന്റെ സംസ്ഥാന ഫണ്ടില്‍ നിന്നും മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തിരിക്കുന്നത്. പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വളരെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മരുന്ന് കഴിച്ചവരില്‍ രോഗം വരാനുള്ള സാധ്യത മരുന്ന് കഴിക്കാത്തവരേക്കാള്‍ വളരെ കുറവാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജി്ല്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷിബു അറിയിച്ചു.

date