ഇരട്ട അറകളുള്ള ഇന്‍ വെസല്‍ കമ്പോസ്റ്റിങ് ഉപകരണം: കുസാറ്റ് അദ്ധ്യാപകന് പേറ്റന്റ്
കൊച്ചി: അടുക്കള മാലിന്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കമ്പോസ്റ്റാക്കി മാറ്റുന്നതിനുള്ള ഇരട്ട അറകളോട് കൂടിയ യാന്ത്രിക 'ഇന്‍ വെസല്‍ കമ്പോസ്റ്റിങ്' ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിന് കൊച്ചി ശാസ്്ത്ര സാങ്കേതിക സര്‍വകലാശാല എന്‍വയോമെന്റല്‍ സ്റ്റഡീസിലെ അസി. പ്രൊഫ.ഡോ. എം. ആനന്ദിന് പേറ്റന്റ് ലഭിച്ചു. പൂര്‍ണ്ണമായും അടച്ച എയ്‌റോബിക് കമ്പോസ്റ്റിങ് സിസ്റ്റം ആയതുകൊണ്ടുതന്നെ അഴുകുന്ന മാലിന്യങ്ങള്‍ ശുചിത്വത്തോടെയും പരിസ്ഥിതി സൗഹാര്‍ദ്ദത്തോടെയും ജൈവവളമാക്കാം എന്നതാണ് നേട്ടം.
കുറഞ്ഞ സ്ഥലത്ത് സ്ഥാപിക്കാനും ഉപയോഗിക്കാനും കഴിയുന്നതിനാല്‍ 'ഇന്‍ വെസല്‍ കമ്പോസ്റ്റിങ്' എന്ന ആശയത്തിന് ഇന്ത്യയില്‍ വലിയ സാധ്യതകളാണ് ഉള്ളത്. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിനാല്‍ മാലിന്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. പരമ്പരാഗത കമ്പോസ്റ്റിങ് രീതികളെ അപേക്ഷിച്ച് വൃത്തിയുള്ളതും ചെലവ് കുറഞ്ഞതുമാണ് പുതിയ സംവിധാനം. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം, പരിപാലനം, തൊഴില്‍ ചെലവ് എന്നിവ കൊണ്ട്് കുറഞ്ഞ മുതല്‍മുടക്കില്‍ ഈ കമ്പോസ്റ്റിങ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. മോഡുലാര്‍ ഡിസൈന്‍ ഇതിന് വഴക്കവും പരിഷ്‌കരണങ്ങള്‍ക്ക്് അവസരവുമൊരുക്കുന്നു. സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് സൗരോര്‍ജ്ജവുമായി ബന്ധിപ്പിക്കാം എന്നത് ഇതിന്റെ പ്രത്യേകതയാണ്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ വരുത്താനാകും. കേരളത്തിന്റെ ചുറ്റുപാടുകള്‍ക്കനുസൃതമായ സുസ്ഥിര, സാമൂഹിക, പാരിസ്ഥിതിക, സൗന്ദര്യ, സ്ഥാപന താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ് രൂപകല്‍പന.
- Log in to post comments