Skip to main content

പായൽ കുമാരിക്ക് കളക്ടർ ലാപ്ടോപ് സമ്മാനിച്ചു

എറണാകുളം : മഹാത്മാ ഗാന്ധി സർവകലാശാല ബിരുദ പരീക്ഷയിൽ ബി. എ ആർക്കിയോളജി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ പായൽ കുമാരിക്ക് പ്രോത്സാഹന സമ്മാനമായി കളക്ടർ എസ്. സുഹാസ് ലാപ്ടോപ് സമ്മാനിച്ചു.
വിദ്യാധനം സർവ്വധനാൽ പ്രധാനമാണെന്ന ഓർമപ്പെടുത്തൽ ആണ് പായൽ നൽകുന്നത്. സാഹചര്യങ്ങൾ കൊണ്ട് തടുക്കാൻ കഴിയില്ല വിദ്യ കൊണ്ടുള്ള വിജയം എന്ന് തെളിയിക്കുന്നതാണ് ഈ ഒന്നാം റാങ്കിന് ഇരട്ടി മധുരം നൽകുന്നത്.
ഇനിയും നന്നായി പഠിക്കണമെന്നും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്നും പറഞ്ഞ കളക്ടർ പായലിനു  സിവിൽ സർവീസ് രംഗത്തേക്ക് എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പായലിനു മുന്പോട്ടുള്ള വിദ്യാഭ്യാസത്തിനും ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായ ഓൺലൈൻ പഠനത്തിനും ലാപ്ടോപ് സഹായകരം ആകട്ടെ എന്ന് കളക്ടർ പറഞ്ഞു. ബീഹാറിൽ നിന്നും എത്തി, ബി. എ  പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായൽ കുമാരി എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

 പെരുമ്പാവൂർ മാർ തോമ കോളേജ് ഫോർ വിമൻലെ വിദ്യാർത്ഥിനി ആയ പായൽ ബീഹാർ സ്വദേശികളായ പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകൾ ആണ്.  45000 രൂപയോളം വിലയുള്ള എച്ച്. പി കമ്പനിയുടെ ലാപ്ടോപ് ആണ് കളക്ടർ പായലിന് സമ്മാനിച്ചത്.  കേന്ദ്ര സർവകലാശാലകളിലും കേരള സർവകലാശാലയിലും ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുകയാണ് ഇപ്പോൾ. സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കണമെന്നാണ് പായലിന്റെ ആഗ്രഹം.  അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോളെ ആരംഭിച്ചു കഴിഞ്ഞു പായൽ . 

അച്ഛൻ പ്രമോദ് കുമാർ ബീഹാറിലെ ഗ്രാമം വിട്ടുപോകുമ്പോൾ പായലിനു നാല് വയസ്സായിരുന്നു പ്രായം. ഭാര്യ ബിന്ദു ദേവി, മകൻ ആകാശ് കുമാർ, പെൺമക്കളായ പായൽ കുമാരി, പല്ലവി കുമാരി എന്നിവരുമൊത്ത് പിന്നീട് അദ്ദേഹം  എറണാകുളത്തെത്തി. ബീഹാറിലെ ഷെയ്ഖ്പുരയിലെ ഗോസൈമാദി ഗ്രാമത്തിൽ നിന്നുള്ള ഈ കുടുംബം കൊച്ചിയിൽ സ്ഥിരതാമസമാക്കി ഒരു വാടക വീട്ടിൽ താമസിക്കുന്നു.
ഇടപ്പള്ളിയിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 85 ശതമാനം മാർക്കോടെ പ്ലസ് ടു 95 ശതമാനം വാങ്ങിയാണ് പത്താം ക്ലാസ് പാസ്സായത്.

date