Skip to main content

കോവിഡ് പ്രതിരോധം വികേന്ദ്രീകൃതമായി നടപ്പാക്കണം : കളക്ടര്‍ 

എറണാകുളം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍്ധിക്കുന്ന സാഹചര്യത്തില്‍  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ തലത്തില്‍ നടപ്പാക്കാന്‍ തയ്യാറെടുക്കണമെന്ന് ജില്ല കളക്ടര്‍ എസ്. സുഹാസ് ആവശ്യപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാരുമായി നടത്തിയ  വീഡിയോ കോണ്‍ഫെറെന്‍സിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശി്ച്ചത്.  ജില്ലയില്‍ കോവിഡ് മൂലമുള്ള മരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രഥമ പരിഗണന നല്‍കണമെന്ന്  കളക്ടര്‍ ആവശ്യപ്പെട്ടു.
ആക്റ്റീവ് സര്‍വെയ്‌ലന്‍സ് വഴി കോവിഡ് രോഗലക്ഷണം ഉള്ള എല്ലാവരെയും കണ്ടെത്തുകയും അവര്‍ക്ക് സെല്‍ഫ് ക്വാറന്റൈന്‍ നിര്‍ദേശിക്കുകയും ചെയ്യണം. രോഗ ലക്ഷണം ഉള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികേന്ദ്രീകൃതമായി നടപ്പാക്കണം. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും രോഗ ലക്ഷണം ഉള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍ നല്‍കണം. എഫ്. എല്‍. ടി. സി കള്‍ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത പോസിറ്റീവ് രോഗിക്കള്‍ക്ക് വീടുകളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ തന്നെ  നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യമായ സൗകര്യം ഒരുക്കണം. രോഗ ലക്ഷണം ഉള്ളവരെ ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ആവശ്യമായ വാഹന സൗകര്യങ്ങള്‍ എല്ലാ എഫ്. എല്‍. ടി. സി കളിലും ഉണ്ടെന്ന് ഉറപ്പാക്കണം. 
രോഗലക്ഷണം ഉള്ള മരണങ്ങളില്‍ സാംപിളുകള്‍ പരിശോധനക്ക് അയച്ച ശേഷം മുന്‍കരുതലുകള്‍ സ്വീകരിച്ചു വേണം സംസ്‌കരിക്കാന്‍. കണ്ടെയ്ന്‍മെന്റ് സോണുക്കളുടെ പ്രഖ്യാപനം പരമാവധി ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിലയില്‍ ആവണം. പ്രദേശത്തു കൂടുതല്‍ രോഗികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒരാഴ്ചയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ സോണ്‍ തുടരുന്നില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. 
കോവിഡ് രോഗങ്ങള്‍ക്കൊപ്പം മറ്റു പകര്‍ച്ച വ്യാധികളും പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ കുട്ടപ്പന്‍, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫെറെന്‍സില്‍ സംസാരിച്ചു.

date