Skip to main content

പ്ലസ് വൺ പ്രവേശനം മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ ആരംഭിക്കും. ഏകജാലക മെറിറ്റ് ക്വാട്ട പ്രവേശനമാണ് മുഖ്യ അലോട്ട്‌മെന്റിൽ നടക്കുന്നത്. മെറിറ്റ് ക്വാട്ടയിലെ സപ്ലിമെന്റ് അലോട്ട്‌മെന്റിലേക്ക് ഒക്ടോബർ 9 മുതൽ അപേക്ഷിക്കാം. സ്‌പോർട്ട്‌സ് ക്വാട്ട പ്രവേശനവും 14 മുതൽ ആരംഭിക്കും. സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്റ് അപേക്ഷകൾ ഒക്ടോബർ മൂന്നിന് ആരംഭിക്കും. മാനേജ്‌മെന്റ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ഒക്ടോബർ 9 ന് ആരംഭിക്കും. കമ്യൂണിറ്റി സപ്ലിമെന്റ് അപേക്ഷകൾ ഒക്ടോബർ മൂന്നിനും മാനേജ്‌മെന്റ് സപ്ലിമെന്റ് അപേക്ഷകൾ ഒക്ടോബർ 12നും സ്വീകരിക്കും.
അപേക്ഷകർ പ്രവേശന സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയന്റ്, ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. യോഗ്യത സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രിൻറ് ഔട്ട് ഹാജരാക്കിയാൽ മതിയാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാകാൻ വിദ്യാർഥികൾക്ക് സാവകാശം ലഭിക്കും.
കേരളത്തിലെ പൊതു പരീക്ഷ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി പാസായവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. എന്നാൽ മറ്റു ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയിലും കൂടിയ പ്രായപരിധിയിലും ആറ് മാസം ഇളവ് ലഭിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി ആവശ്യമാണ്. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സമുദായ സംവരണം പരിശോധിക്കുന്നതിന് എസ് എസ് എൽ സി ബുക്കിലെ വിവരങ്ങൾ മതിയാകും. താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക് എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവർ എസ് എസ് എൽ സി ബുക്കിൽ ആ വിവരങ്ങൾ ഇല്ലങ്കിൽ റേഷൻ കാർഡോ, വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം. എൻ സി സിയ്ക്ക് 75 ശതമാനം ഹാജരും, സ്‌കൗട്ട് വിഭാഗത്തിൽ പുരസ്‌ക്കാർ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വിഭാഗത്തിൽ നിന്ന് ഹാജരാക്കണം.
ആർമി / നേവി / എയർഫോഴ്‌സ് എന്നീ സേനാ വിഭാഗങ്ങളിലെ ആശ്രിതർ പ്രസ്തുത ജവാന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ച ജവാന്റെ ആശ്രിതർ സൈനിക വെൽഫെയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നീന്തൽ അറിവിനുള്ള ബോണസ് പോയന്റ് ലഭിച്ചത് തെളിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകും. സ്റ്റുഡൻഡ് പോലീസ് കേഡറ്റുകൾ എസ് പി സി പ്രൊജക്റ്റ് കേരള നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ടൈബ്രേക്കിന് പോയന്റ് നൽകിയ ഇനങ്ങളിൽ പത്താം ക്ലാസ് പഠിച്ചിരുന്ന സമയത്ത് പങ്കെടുത്തവയാക്കിരിക്കണം. എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്കും കോ-കരികുലർ ആക്ടിവിറ്റികൾക്കും സ്‌കൂൾ മേധാവികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
എസ്.എസ്.എൽ.സി പാസായ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുന്നതിനുള്ള പ്ലസ് വൺ സീറ്റുകൾ ജില്ലയിലുണ്ട്. ഇതേ വരെ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാത്തവർക്കും എതെങ്കിലും കാരണവശാൽ അപേക്ഷ നിരസിക്കപ്പെട്ടവർക്കും സപ്ലിമെന്റ് അപേക്ഷാ സമയത്ത് അപേക്ഷിക്കാം എന്ന് ഹയർ സെക്കന്ററി ജില്ല കോർഡിനേറ്റർ വി എം കരീം അറിയിച്ചു.

date