സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് അപകടരഹിതമാക്കാന്‍ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം അപകടത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥ മരിച്ചതിനെ തുടര്‍ന്ന് പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് അടുത്ത ദിവസം കളക്ടര്‍ക്ക് സമര്‍പ്പിക്കും.
റോഡിന്റെ ടാറിട്ട ഭാഗവും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം, ഷോള്‍ഡര്‍ ലൈന്‍ മാര്‍ക്കിങിന്റെ അഭാവം, സര്‍വീസ് റോഡുകളും പാര്‍ശ്വറോഡുകളും പ്രധാന റോഡില്‍ സന്ധിക്കുന്ന ഭാഗങ്ങളിലെ ഉയരവ്യത്യാസം, ബസ് ബേകളുടെ അഭാവം, ഗതാഗതചിഹ്നങ്ങളുടെ അഭാവം, അനധികൃത പാര്‍ക്കിങ്, വഴിയോര കച്ചവടം എന്നിവ അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കനത്ത വാഹനസാന്ദ്രതയുള്ള റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം.
ട്രാഫിക് സിഐ ആര്‍. മധു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ദീപു, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
- Log in to post comments