Skip to main content
ചെമ്പൈ പൈതൃക സംഗീത ഗ്രാമത്തിന്റെ നിർമാണോദ്ഘാടനം  ഓൺലൈനായി നിർവഹിച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു.

ചെമ്പൈ പൈതൃക സംഗീത ഗ്രാമം നിര്‍മാണ പൂര്‍ത്തീകരിക്കാൻ ആവശ്യമെങ്കില്‍ കൂടുതൽ തുക :  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

ചെമ്പൈ പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന്  ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ നിര്‍മിക്കുന്ന പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിക്കായി നാല് കോടി രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്.   

ചെമ്പൈ വൈദ്യനാഥ ഭാഗവതരെ ലോകത്തിനും വരും തലമുറയ്ക്കും പരിചയപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. ചെമ്പൈയ്ക്കുള്ള സംഗീത അര്‍ച്ചനയും സാംസ്‌കാരിക ലോകത്തിന് നല്‍കുന്ന സംഭാവനയുമാണ് പൈതൃക സംഗീത ഗ്രാമം. പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ച മന്ത്രി ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം നിരവധി ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതായി അറിയിച്ചു. നിലവില്‍ 33 കോടിയുടെ പദ്ധതികളാണ്  നടപ്പാക്കുന്നത്. പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പെരുവെമ്പ്,  വെള്ളിനേഴി പഞ്ചായത്തുകളെ വില്ലേജ് എക്‌സ്പീരിയന്‍സ് പദ്ധതിക്കായി തിരെഞ്ഞെടുത്തതായും മന്ത്രി  അറിയിച്ചു. 
 പരിപാടിയില്‍ പട്ടികജാതി-  പട്ടികവര്‍ഗ -പിന്നാക്കക്ഷേമ-  നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. 

ചെമ്പൈ സാംസ്‌കാരിക സമുച്ചയം, മ്യൂസിയം എന്നിവയാണ് പൈതൃക ഗ്രാമത്തിലെ പ്രധാന ഘടകങ്ങള്‍. രണ്ട് ഹാള്‍, രണ്ട് അതിഥി മുറി,  സ്റ്റേജ്, ഗ്രീന്‍ റൂം,  സ്ത്രീ-പുരുഷ വിഭാഗക്കാര്‍ക്കായി പ്രത്യേകം ശുചിമുറികള്‍, വിശാലമായ മുറ്റം ഉള്‍പ്പെടെയാണ് പൈതൃകഗ്രാമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ചെമ്പൈ ഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ആര്‍ ജയരാജന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, ചെമ്പൈ ട്രസ്റ്റ് ചെയര്‍മാന്‍ ചെമ്പൈ സുരേഷ്, പാരമ്പര്യ ട്രസ്റ്റി ടി.  എം.സി നാരായണന്‍ നമ്പൂതിരി, കോട്ടായി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് എന്നിവര്‍ പങ്കെടുത്തു.
 

date