Skip to main content

ആധുനിക സജ്ജീകരണങ്ങളോടെ ആയൂര്‍ ഹാച്ചറി കോംപ്ലക്‌സ്: ഉദ്ഘടനം ഇന്ന്(സെപ്തംബര്‍ 15)

ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആധുനിക സൗകര്യങ്ങളോടെ  നവീകരിച്ച   ആയൂര്‍-തോട്ടത്തറ ഹാച്ചറി കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഇന്ന്(സെപ്റ്റംബര്‍ 15) രാവിലെ 10ന് വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യും. മുട്ടക്കോഴികളുടെ ദൗര്‍ലഭ്യം പരിഹരിച്ച് സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ ഏക സര്‍ക്കാര്‍ ഹാച്ചറിയുടെ നവീകരണം. 6.15 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചത്.
ആഴ്ചയില്‍ 24,000 കോഴിക്കുഞ്ഞുങ്ങളെവരെ വിരിയിക്കാന്‍ കഴിയുന്ന തരത്തിലുള്ള സെറ്ററുകളും ഹാച്ചറികളും നവീകരിച്ച കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 10,000 മുട്ടക്കോഴികളുടെ മാതൃ ശേഖരം നടത്താനുള്ള സംവിധാനവുമുണ്ട്.
ഹാച്ചറി കോംപ്ലക്‌സ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയാകും. വൈസ് പ്രസിഡന്റ് അഡ്വ എസ് വേണുഗോപാല്‍,  മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ സി മധു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ•ാരായ ടി ഗിരിജാകുമാരി, വി ജയപ്രകാശ്, ശ്രീലേഖ വേണുഗോപാല്‍, ഇ എസ് രമാദേവി, സെക്രട്ടറി കെ പ്രസാദ്,  ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ചിത്ര, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഡി സുഷമകുമാരി, കുരിയോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാം സൂപ്രണ്ട് ഡോ സി എസ് ജയകുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ എസ് എസ് ആര്യ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2423/2020)

 

date