വയോജന പരിപാലനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര കര്‍മ്മ പദ്ധതി
വയോജന പരിപാലനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര കര്‍മ്മ പദ്ധതി
എറണാകുളം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമഗ്ര കര്‍മ്മ പദ്ധതി. സാമൂഹ്യനീതി വകുപ്പ്, പാലിയേറ്റീവ് കെയര്‍, കുടുംബശ്രീ, ഐസിഡിഎസ്, ആശ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി. വയോജന പരിപാലത്തിനായി ജില്ലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മയുടെയും ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലിയുടെയും നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. വയോജനങ്ങളുടെ റിവേഴ്‌സ് ക്വാറന്റൈന്‍, ടെലി മെഡിസിന്‍ സംവിധാനം, കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം, ഹോം കെയര്‍ സംവിധാനം, പാലിയേറ്റീവ് കെയര്‍ സംവിധാനം തുടങ്ങിയവ ഏകോപിപ്പിച്ച് വയോജനങ്ങളുടെ ആരോഗ്യ പരിപാലനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആവശ്യത്തിന് മരുന്ന എത്തിച്ച് നല്‍കുന്നതിനും ഡോക്ടറുടെ സേവനം ആവശ്യമുളളവര്‍ക്ക് സേവനം ലഭ്യമാക്കുന്നതിനും ഭക്ഷണമുറപ്പാക്കുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനുമായുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും.
വയോജനങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ എല്ലാ പഞ്ചായത്തുകളിലുമെത്തിക്കും. ഓരോ പഞ്ചായത്തിലെയും മെഡിക്കല്‍ ഓഫീസറെയും പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരെയും ഏകോപിപ്പിച്ചുകൊണ്ട് മരുന്ന് എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി. നിലവില്‍ വയോമിത്രം പദ്ധതി വഴി നഗരസഭാ പ്രദേശങ്ങളില്‍ മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്നുണ്ട്. പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ വീടുകളില്‍ ചെന്ന് വയോജനങ്ങളുടെ തൊണ്ടയിലെ സ്രവം ശേഖരിക്കുന്നതിനുള്ള പരിശീലനം നഴ്‌സുമാര്‍ക്ക് നല്‍കിവരികയാണ്. കൂടാതെ ടെലിമെഡിസിന്‍ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗ്രാന്‍ഡ് കെയര്‍ പദ്ധതിയും ഇതോടൊപ്പം ഏകോപിപ്പിക്കും. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം വയോജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. ഓരോ വാര്‍ഡിലുമുള്ള ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് അംഗം എന്നിവരടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിക്കും. റിവേഴ്‌സ് ക്വാറന്റൈനുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, ബോധവത്കരണം എന്നിവയ്‌ക്കൊപ്പം മത്സരങ്ങളും ഓണ്‍ലൈനായി സംഘടിപ്പിക്കും. റിവേഴ്‌സ് ക്വാറന്റൈന്റെ പ്രാധാന്യം വയോജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ യോഗയും ഈ രീതിയില്‍ നടത്തും.
സാമൂഹ്യനീതി വകുപ്പിന്റെയും പാലിയേറ്റീവ് കെയറിന്റഎയും ഐസിഡിഎസിന്റഎയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തില്‍ എല്ലാ വയോജന കേന്ദ്രങ്ങളുടെയും കൂട്ടായ്മ രൂപീകരിക്കും. ഓരോ ആഴ്ചയും വയോജന കേന്ദ്രങ്ങളിലെ പ്രതിനിധികളുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും. വയോജന കേന്ദ്രങ്ങളിലെ അന്തേവാസികളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും യോഗത്തില്‍ അവസരമുണ്ടാകും. വയോജനങ്ങള്‍ക്കായി ബോധവത്കരണ ഹ്രസ്വ വീഡിയോകളും തയാറാക്കുന്നുണ്ട്.
സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ജോണ്‍ ജോഷി, പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹണി ദേവസ്യ, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എബി എബ്രഹാം, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിനി, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ മായാ ലക്ഷ്മി, വിവിധ വയോജന കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments