Skip to main content

സഞ്ചാരികളെകാത്ത്  നല്ല കാല പ്രതീക്ഷകളുമായി  ടൂറിസം കേന്ദ്രങ്ങൾ

സഞ്ചാരികളെകാത്ത്  നല്ല കാല പ്രതീക്ഷകളുമായി  ടൂറിസം കേന്ദ്രങ്ങൾ

കൊച്ചി: കോവിഡ് ടൂറിസം മേഖലയെ തളർത്തിയെങ്കിലും കോവിഡാനന്തര കാലം വിനോദ സഞ്ചാര മേഖലയുടേതായിരിക്കും എന്നാണ് ഈ രംഗത്തുള്ളവർ കരുതുന്നത്. ആ നല്ല കാലം തിരിച്ച്  വരുമെന്ന് തന്നെയാണ്  സഞ്ചാരികളും ടൂറിസം അനുബന്ധ ജോലിക്കാരും സംരഭകരും പ്രതീക്ഷിക്കുന്നത്

 കഴിഞ്ഞ നാലുവർഷക്കാലത്തിനിടയിൽ
 എറണാകുളം ജില്ലയിലെ വിനോദസഞ്ചാര മേഖല നിരവധി പദ്ധതികളിലൂടെ അതിന്റെ കരുത്തു വേണ്ടെടുക്കുകയായിരുന്നു. ഇത്.  
ഗ്രാമീണ, പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് നൽകിയ സംഭാവനകൾ ആ നാടിന് തന്നെ പുത്തൻ ഉണർവേകി.

* നെടുമ്പാറ ചിറ ടൂറിസം പ്രോജക്ട്

 സഞ്ചാരികളെ മാടി വിളിക്കുന്ന നെടുമ്പാറ ചിറ പെരുമ്പാവൂരിൽ നിന്നും 17 കി.മീ. ദൂരത്തിൽ  വല്ലം കോടനാട് റൂട്ടിൽ ആലാട്ടുചിറയക്ക് സമീപം നെടുമ്പാറയിലാണ്   . ചിൽഡ്രൻസ് പാർക്ക് ,നടപ്പാതകൾ ,പെഡൽ ബോട്ട് ,ഹട്ടുകൾ ,വളർത്തു മത്സ്യങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രത്യേകത.

കൂവപ്പടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാറ ചിറയെന്ന കുളത്തിൻ്റെ സംരക്ഷണവും അതോടൊപ്പം ഒരു പ്രാദേശിക വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലുള്ള വികസനവുമാണ്  ഈ ടൂറിസം പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ടൂറിസം വകുപ്പിൻ്റെ ഭരണാനുമതി പ്രകാരം നെടുമ്പാറ ചിറ ടൂറിസം പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ്  നടപ്പിലാക്കിയത്. 
2019 ഫെബ്രുവരിയിൽ
49,99,893 രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ നെടുമ്പാറ ചിറ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചു.

* വളന്തകാട് ദ്വീപ്

മരട് നഗരസഭയിൽ പെട്ട വളന്തക്കാട് ദ്വീപ് ഗ്രാമീണ വിനോദ സഞ്ചാര വികസനത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ  ഉത്തരവാദിത്ത ടൂറിസം നയത്തിൻ്റെ ഭാഗമായി 2019 ആഗസ്റ്റിൽ വകുപ്പിൽ നിന്നും 90 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ഈ വർഷം ഡിസംബറോടെ നടപ്പാത, ഫ്ലോട്ടിംഗ് ഫെസിലിറ്റേഷൻ സെൻറർ, ബോട്ട് ജെട്ടി, ദിശ ബോർഡുകൾ എന്നിവ ഉൾപ്പെടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

* പിറവം ആറ്റുതീരം

പിറവം മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന കല്ലുടുമ്പിൽ ആറ്റുതീരം പാർക്കിലെ വികസന പ്രവർത്തനങ്ങൾക്കായി 1.50 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ബോട്ടുജെട്ടി, പുഴയോരം നടപ്പാത, പാർക്കിംഗ് ഏരിയ, ടോയ്‌ലറ്റ് സംവിധാനം എന്നിവ 2019 മാർച്ചിൽ പൂർത്തീകരിച്ചു.

* തിരുവൈരാണിക്കുളം തീർത്ഥാടക ടൂറിസം

കാലടി വെള്ളാരപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലഷ്യത്തോടെയാണ് തിരുവൈരാണിക്കുളം തീർത്ഥാടക ടൂറിസം സൗകര്യ-  സേവന കേന്ദ്ര നിർമാണ പദ്ധതി വിഭാവനം ചെയ്തത്. 2019 സെപ്തംബറിൽ സർക്കാർ  4 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി അന്നദാന മണ്ഡപം, വിശ്രമകേന്ദ്രം, ശുചിമുറി സൗകര്യം, ഫെസിലിറ്റേഷൻ സെൻറർ, റിസപ്ഷൻ സെൻ്റർ എന്നിവ ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കും.

* ആശ്രമം കടവ്, ശിവരാത്രി കടവ്
കാലടി തീർത്ഥാടക കേന്ദ്രത്തിന് സമീപം ബലിതർപ്പണത്തിനുള്ള നടപ്പാതയും , മണ്ഡപവും പെരിയാർ നദിയോട് ചേർന്നുള്ള ആശ്രമം കടവിൻ്റെയും ശിവരാത്രി കടവിൻ്റെയും തീരത്ത് നിർമ്മിക്കാനുള്ള പദ്ധതിക്ക് രൂപം നൽകി. 2020 ജനുവരി മാസത്തിൽ 90,00,000 രൂപ വിനോദ സഞ്ചാര വകുപ്പിൽ നിന്ന് പദ്ധതിക്കായി അനുവദിച്ചു.

*ക്രൂയിസ് ടൂറിസം ഫെസിലിറ്റേഷൻ

പ്രതിപക്ഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര ക്രൂയിസ് ഷിപ്പുകൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് കൊച്ചി .
ടൂറിസം ഫെസിലിറ്റേഷൻ സെൻററും പെർഫോമിംഗ് ആർട്സ് തീയറ്ററും പ്രധാന ഘടകങ്ങളായിട്ടുള്ള പദ്ധതിയാണ് എറണാകുളം ഡിറ്റിപിസിയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ അനുമതിയുടെ നടപ്പാക്കുന്നത്. 4,84,78,735 രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടി സ്വീകരിച്ചു വരുന്നു. പദ്ധതി നടപ്പിലാക്കുന്നത് വഴി കൊച്ചിയിൽ വരുന്ന ഓരോ വിനോദ സഞ്ചാരികൾക്കും കേരളത്തിലെ തനത് കലകൾ നേരിട്ട് കാണുന്നതിനും ആസ്വദിക്കുന്നതിനും ലോക നിലവാരത്തിലുള്ള അനുഭവം സാധ്യമാകും.

*കലാകാരന്മാരെ കൈവെടിയാതെ 'ഉത്സവം '

 സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ആവിഷ്കരിച്ച കേരളീയ കലാരൂപങ്ങളുടെ പകർന്നാട്ടം ആയിരുന്നു 'ഉത്സവം '.  2017 മുതൽ 2020 വരെ 74 പരം കലാ പരിപാടികൾ സംഘടിപ്പിക്കാനും  കലാകാരന്മാർക്കും കലാരൂപങ്ങൾക്കും കൂടുതൽ വേദികളും അംഗീകാരവും പ്രേക്ഷകപ്രശംസകളും നേടാനും   ഉത്സവം എന്ന പരിപാടിയിലൂടെ കഴിഞ്ഞു. ഇതിനായി  29,6000 രൂപ സർക്കാർ അനുവദിച്ചു.

* ദർബാർ ഹാൾ ഗ്രൗണ്ട് പുനരുദ്ധാരണം

നിരവധി പരിപാടികൾ അരങ്ങേറുന്ന ദർബാർ ഹാൾ ഗ്രൗണ്ടിൻ്റെ പുനരുദ്ധാരണത്തിനായി ടൂറിസം വകുപ്പ് 47,75,000 രൂപയുടെ ഭരണാനുമതി നൽകി. ഇലക്ട്രിക്കൽ വർക്ക് ,നടപ്പാത ,ഹൈമാസ്റ്റ് ലൈറ്റ് തിയേറ്റർ സ്ക്രീൻ മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു.

* വിനോദ സഞ്ചാര മേഖല ഭിന്നശേഷി സൗഹൃദമാകുന്നു...

എല്ലാവരെയും പോലെ യാത്രകളുടെയും കല ആസ്വാദനത്തിൻ്റെയും ഭാഗമാവാൻ ഭിന്നശേഷിക്കാർക്കും കഴിയണം. ഇതിൻറെ ഭാഗമായി ബാരിയർ ഫ്രീ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ  ഫോർട്ട് കൊച്ചി, ബോട്ട് ജെട്ടി, ചെറായി ബീച്ച്, മുനമ്പം ബീച്ച് ,ഡിറ്റിപിസി സന്ദർശക സേവനകേന്ദ്രം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇതിൽ ഭിന്നശേഷിസൗഹൃദ ടോയ്‌ലറ്റ്, അനുബന്ധ ഉപകരണങ്ങൾ എന്നിവ സജ്ജമാക്കി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 44,10,900 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

രണ്ടാം ഘട്ടത്തിൽ കുഴുപ്പിള്ളി ബീച്ച്, തട്ടേക്കാട് പക്ഷിസങ്കേതം, മലയാറ്റൂർ, മറൈൻഡ്രൈവ് വാക്ക് വേ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ബാരിയർ ഫ്രീ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിൻറെ ഭാഗമായി റാമ്പുകൾ, ടോയ്ലറ്റ് നവീകരണം, വീൽചെയർ , ബ്രയിലി ബ്രോഷർ ഓഡിയോ, ഗൈഡ്/ ആപ്പ് സംവിധാനങ്ങൾ ഒരുക്കും.

പദ്ധതികളെല്ലാം പൂർത്തിയാകുന്നതോടെ
ടൂറിസം രംഗത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഒപ്പം കോവിഡാനന്തര കാലത്ത് വിനോദസഞ്ചാരം  കൂടുതൽ ആസ്വദിക്കാനും കഴിയുമെന്ന് പ്രത്യാശിക്കാം

date