15 ലക്ഷം തൈകളുടെ വിതരണം പൂർത്തിയാക്കാനൊരുങ്ങി നടുക്കര ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രം
15 ലക്ഷം തൈകളുടെ വിതരണം പൂർത്തിയാക്കാനൊരുങ്ങി നടുക്കര ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രം
മൂവാറ്റുപുഴ: ഒരു കോടി ഫലവർഗ തൈകള്‍ നടുന്ന പദ്ധതിയുടെ ഭാഗമായി 15 ലക്ഷം തൈകളുടെ വിതരണം പൂർത്തിയാക്കാനൊരുങ്ങി
മൂവാറ്റുപുഴയിലെ നടുക്കര ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രം.
സെപ്തംബർ 30 ന് തൈകളുടെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനം തൈ വിതരണത്തിൻ്റെ വേഗത അൽപ്പം കുറച്ചു. എന്നാൽ മാർച്ച് 23 മുതൽ 31 വരെയുള്ള കാലയളവിൽ മാത്രമാണ് കേന്ദ്രം അടച്ചിട്ടതെന്നും തൈകളുടെ സംരക്ഷണം ഉപ്പു വരുത്താൻ തുറന്ന് പ്രവർത്തിച്ചു.
ലോക് ഡൗൺ കാലത്ത് വലിയൊരു വിഭാഗം ജനങ്ങൾ കൃഷിയിലേക്ക് തിരിഞ്ഞത് നടുക്കര പച്ചക്കറി ഉത്പാദന കേന്ദ്രത്തിന് നേട്ടമായി. തൈകൾക്ക് ആവശ്യക്കാരേറെ ആയതിനാൽ മൂന്ന് ലക്ഷം രൂപയുടെ തൈകൾ വിറ്റഴിക്കാൻ കഴിഞ്ഞതിനാൽ പിടിച്ച് നിൽക്കാനായെന്ന് മാനേജര്‍ ബിമല്‍റോയി പറയുന്നു. ശീതകാല സീസൺ പച്ചക്കറികളായ ക്യാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി, ക്യാപ്‌സിക്ക എന്നിവയുടെ തൈകളും ഉല്‍പാദിപ്പിച്ച് തുടങ്ങി.ശീതകാല തൈകള്‍ എല്ലാം തന്നെ ഗുണമേന്മയുളള ഹൈബ്രിഡ് വിത്തുകള്‍ മുളപ്പിച്ചാണ് തൈകളാക്കുന്നത്.
2017 ഡിസംബര്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.കൃഷി വകുപ്പിന്റെ കീഴില്‍ വി.എഫ്.പി.സി.കെ.യുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന് കൃഷി വകുപ്പിന് കീഴിലുളള കേരളത്തിലെ ഏക ഹൈടെക് തൈ ഉല്‍പാദന കേന്ദ്രമെന്ന പ്രത്യകതയുമുണ്ട്. ചകിരിച്ചോറും പെര്‍ക്കുലേറ്ററും വെര്‍മിക്കുലേറ്ററും ചേര്‍ന്നുളള നടീല്‍ മിശ്രിതം തയ്യാറാക്കുന്നത് മുതല്‍ പ്രോട്രേകളില്‍ നിറച്ച് വിത്തിടുന്നതും വിതരണത്തിന് തയ്യാറാവുന്നത് വരെയുളള എല്ലാ ഘട്ടങ്ങളും ഹൈടെക് മയമാണ് ഇവിടം.
നടുക്കരയില്‍ വി.എഫ്.പി.സി.കെ വക നാലേക്കര്‍ 90 സെന്റ് സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 1536 സ്‌ക്വയര്‍ മീറ്റര്‍ ഉളള നാല് വലിയ പോളിഹൗസുകളാണ് ഇവിടെയുളളത്. കൂടാതെ വിത്തുകള്‍ നടുവാനുളള ഓട്ടോമേറ്റഡ് സ്വീഡിംഗ് മെഷീന്‍, വളം നല്‍കാനുളള ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, ഓട്ടോമാറ്റിക് കാലാവസ്ഥാനിലയം, താപവും ഈര്‍പ്പവും നിശ്ചിത അളവില്‍ പോളിഹൗസുകളില്‍ നിയന്ത്രിക്കാനുളള സംവിധാനം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാവുന്ന മുളക്, തക്കാളി, വഴുതന, പയര്‍, ചീര തുടങ്ങി 23 ഇനം പച്ചക്കറി വിത്തുകൾ മുളപ്പിച്ച് തൈകളാക്കുന്നത് കൂടാതെ ശീതകാല സീസൺ പച്ചക്കറി തൈകളും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. തക്കാളി 15 ദിവസവും വഴുതന, മുളക് തുടങ്ങിയവ 25 ദിവസവും വെണ്ട, അമര, പയര്‍, പീച്ചില്‍ തുടങ്ങിയവ എട്ടു ദിവസവും പ്രായമെത്തുമ്പോഴാണ് ഇവിടെ നിന്നും വില്‍പന നടത്തുന്നത്. അതു കൊണ്ട് തന്നെ ഇത്രയും ദിനങ്ങള്‍ ഓരോ ഇനത്തിന്റെയും കൃഷിക്കാലയളവില്‍ നിന്നും കുറഞ്ഞു കിട്ടുന്നു എന്നത് കര്‍ഷകര്‍ക്ക് നേട്ടമാണ്. കേരളത്തിലെ പതിനാല് ജില്ലകളിലുമായി കൃഷിഭവനുകള്‍, സന്നദ്ധ സംഘടനകള്‍, വി.എഫ്.പി.സി.കെ സ്വാശ്രയ കര്‍ഷക സമിതികള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ എന്‍.ജി.ഒകള്‍ തുടങ്ങി വിവിധ തുറകളിലായാണ് ഇവിടെ നിന്നും ലക്ഷക്കണക്കിന് തൈകളെത്തിയത്.
കൃത്യമായ പരിചരണമുണ്ടെങ്കില്‍ മികച്ച വിളവ് നല്‍കുന്നവയാണ് ഇവിടുത്തെ തൈകൾ.പരിചരണമുണ്ടെങ്കില്‍ സാദാ മണ്ണിലും ഗ്രോബാഗുകളിലും ഇവ മികച്ച് വിളവ് നല്‍കും.
പരമ്പരാഗത കര്‍ഷകര്‍ക്കും പുതുകര്‍ഷകര്‍ക്കുമെല്ലാം
ആവേശം പകർന്ന് പ്രളയവും കോവിഡ് കാലവുമെല്ലാം അതിജീവിച്ച് മുന്നേറുകയാണ് ഈ കേന്ദ്രം
- Log in to post comments