കോവിഡ് 19 പ്രതിരോധ മാർഗ്ഗങ്ങളും പോഷകാഹാരവും: വെബിനാർ സംഘടിപ്പിച്ചു
കോവിഡ് 19 പ്രതിരോധ മാർഗ്ഗങ്ങളും പോഷകാഹാരവും: വെബിനാർ സംഘടിപ്പിച്ചു
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും
ഐസി ഡി എസ് പ്രോജക്ട് മട്ടാഞ്ചേരിയും സംയുക്തമായി കോവിഡ് 19 പ്രതിരോധ മാർഗ്ഗങ്ങളും പോഷകാഹാരവും എന്ന വിഷയത്തെ അധികരിച്ച് വെബിനാർ സംഘടിപ്പിച്ചു
ഐസി ഡി എസ് എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ മായാലകഷ്മി വെബിനാർ ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ നാച്ചുറോപൊതി യോഗ ഗ്രാഡ്വേറ്റ്സ് മെഡിക്കൽ അസോസിയേഷൻ കേരള മദ്ധ്യമേഖല സെക്രട്ടറി, മെഡിക്കൽ ഓഫീസർ ഡോ.വിഷ്ണു മോഹൻ ക്ലാസ്സ് നയിച്ചു.
കേരളത്തിൽ കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ
നിർബ്ബന്ധമായും കോവിഡ് പ്രോട്ടോകൾ പാലിക്കേണ്ടതുണ്ടെന്ന്
അദ്ദേഹം പറഞ്ഞു. രോഗ ലക്ഷണങ്ങളെ കുറിച്ചും, ടെസ്റ്റ് നടത്തണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും വിശദമായി പ്രതിപാദിച്ചു. കോവിഡ് കാലത്ത് കഴിക്കേണ്ട ആഹാര രീതികളെ കുറിച്ചും സമീകൃത ഭക്ഷണ ശീലത്തിലൂടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും
ക്ലാസ്സിൽ വിശദമായി പ്രതിപാദിച്ചു. 100-ാളം പേർ വെബിനാറിൽ പങ്കെടുത്തു.
ഫീൽഡ് എക്സിബിഷൻ ഓഫീസർ പൊന്നുമോൻ, ഐ സി ഡി എസ് സൂപ്പർവൈസർമാരായ ജൂഡി.എ.ജെ, സനം.എം.കെ എന്നിവർ സംസാരിച്ചു.
സപ്ലൈകോ
വില്പനശാലകളുടെ
പ്രവര്‍ത്തന സമയം പുതുക്കി
സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു. മുനിസിപ്പല്‍/സിറ്റി കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെയും പഞ്ചായത്തുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയുമാക്കി. വില്പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ വൈകിട്ട് 7.30 വരെ ആക്കിയിരുന്നെങ്കിലും കോവിഡ് മൂലം വാഹന ഗതാഗത സൗകര്യം മതിയാം വണ്ണം ലഭ്യമല്ലാത്തതിനാലും വിവിധ അസൗകര്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലുമാണ് പുന:ക്രമീകരണം നടത്തിയതെന്നും സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.
അറിയിപ്പുകള്‍
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി;
അംഗത്വം പുതുക്കാം
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത ക്ഷേമനിധി ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളള തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി എല്ലാത്തരം കുടിശികകളും ഒമ്പത് ശതമാനം പലിശ സഹിതം അടയ്ക്കുന്നതിനുളള സമയപരിധി ഒക്‌ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; കോവിഡ് 19 ധനസഹായത്തിനുളള
അപേക്ഷ ഒക്‌ടോബര്‍ 31 വരെ നല്‍കാം
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്ത സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍, പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍, ഓട്ടോമെബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രഖ്യാപിച്ചിട്ടുളള കോവിഡ് 19 ധനസഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയം ഒക്‌ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തതും ഈ വിഭാഗങ്ങളില്‍പെടുന്നതുമായ തൊഴിലാളികള്‍ക്ക് വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. വെബ് പോര്‍ട്ടല്‍ motorworker.kmtwwfb.kerala.gov.in
സൗജന്യ ചികിത്സ
കൊച്ചി: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജിലെ രോഗനിദാന വിഭാഗത്തിനു കീഴില്‍ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രക്തക്കുഴലുകളെ ബാധിച്ചുണ്ടാകുന്ന രോഗങ്ങള്‍ക്കുളള പ്രതിരോധ ക്യാമ്പ് നടത്തുന്നു. ഇത് 35 വയസിന് മീതെ പ്രായമുളള ഹൃദ്രോഗമോ, പക്ഷാഘാതമോ ബാധിച്ചിട്ടില്ലാത്തവര്‍ക്കു വേണ്ടിയുളളതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ രോഗാവസ്ഥകള്‍ സ്ഥിരീകരിക്കപ്പെട്ടവരും, സ്ഥിരീകരണം ആവശ്യമുളളവരും ആശുപത്രിയിലെ മൂന്നാം നമ്പര്‍ ഒ.പിയില്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എത്തിച്ചേരണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ മുന്‍കൂറായി വിളിച്ച് ബുക്ക് ചെയ്തതിനുശേഷം വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447363884.
കോവിഡ് പ്രതിരോധത്തിന് ജില്ലയിൽ ശക്തമായ ബോധവൽക്കരണം : കളക്ടർ
എറണാകുളം : കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 'കോവിഡ് പ്രതിരോധം എന്റെ ഉത്തരവാദിത്തം' എന്ന പേരിൽ ജില്ലയിൽ വ്യാപകമായി ക്യാമ്പയിൻ നടത്തി വരികയാണെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ആശുപത്രി ആയ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐ. സി. യു ബെഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 70 പേർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗുരുതര രോഗലക്ഷണങ്ങൾ ഉള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിനയി പി. വി. എസ് ആശുപത്രിയിൽ 120 ഐ. സി. യു ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ആശുപത്രികളിലും ഗുരുതര രോഗലക്ഷണം ഉള്ളവർക്കായി 20 ബെഡുകൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കാറ്റഗറി ബി വിഭാഗത്തിൽ ഉൾപ്പെട്ട രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 10000 എഫ്. എൽ. ടി. സി കിടക്കകളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.
അതിഥി തൊഴിലാളികൾക്കിടയിൽ രോഗം വർധിക്കുന്ന സാഹചര്യത്തിൽ അവർക്കായി പ്രത്യേക എഫ്. എൽ. ടി. സി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റിവേഴ്‌സ് ക്വാറന്റൈൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കിയിട്ടുണ്ട്.
കൊച്ചി പോലീസ് കമ്മിഷണർ വിജയ് സാക്കറെ, എസ്. പി. കെ കാർത്തിക്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
മയക്കുമരുന്ന് ഉപയോഗം : കർശന നടപടി വേണം
എറണാകുളം : മയക്കുമരുന്നുമായി ബന്ധപ്പെട്ട് ജില്ലയിൽ രണ്ട് പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആളുകൾക്കിടയിലെ മയക്കു മരുന്ന് ഉപയോഗത്തിൽ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ ജനപ്രതിനിധികളായ പി. ടി. തോമസ്, ടി. ജെ വിനോദ്, അൻവർ സാദത്ത് എന്നിവർ ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ജില്ലാ വികസന സമിതി യോഗം ചേർന്നത്.
കോവിഡ് പോസിറ്റീവ് ആയ ശേഷം ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണമുള്ളവരെയും വീടുകളിൽ നിരീക്ഷണ സൗകര്യം ഇല്ലാത്തവരെയുമായുമാണ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ചികിത്സ കേന്ദ്രങ്ങളിലും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൺടൈൻമെൻറ് സോണുകളുടെ പ്രഖ്യാപനത്തിലും പിൻവലിക്കുന്നതിലും കൃത്യമായ മാനദണ്ഡങ്ങൾ പിന്തുടരണം.
ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ഡാറ്റ ബേസ് ഉടൻ തയ്യാറാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. അവരുടെ താമസമുൾപ്പടെയുള്ള കാര്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണെന്ന് ഉറപ്പ് വരുത്തണം.
ചേരാനെല്ലൂർ, മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിൽ ഉള്ളവർക്ക് പൊന്നരിമംഗലം ടോൾ പ്ലാസയിൽ പാസ്സ് നൽകുന്നത് അവസാനിപ്പിക്കാനുള്ള തീ രുമാനം പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിര യോഗം ചേരുമെന്നും വിഷയം പുനഃപരിശോധിക്കാൻ ദേശിയ പാത അതോറിറ്റി ജീവനക്കാരോട് ആവശ്യപ്പെടുമെന്നും എ. ഡി. എം സാബു കെ. ഐസക് ഉറപ്പ് നൽകി.
ചെല്ലാനം ഉൾപ്പടെയുള്ള ജില്ലയുടെ തീരദേശ മേഖലയിൽ മഴക്കാലത്തെ കടക്കയറ്റം നേരിടാൻ അടിയന്തര നടപടി സ്വീകടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ആവശ്യപ്പെട്ടു. ജില്ലാ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നിലവിൽ 1400 മി താത്കാലിക ഭിത്തി നിർമിച്ചിട്ടുണ്ട്. ബസാർ, കണ്ണമാലി ഭാഗങ്ങളിൽ താത്കാലിക സംരക്ഷണ ഭിത്തി നിർമാണത്തിനുള്ള നടപടി പൂർത്തിയായതായി അറിയിച്ചു.
പ്രളയ ദുരിതാശ്വാസ തുക ഇനിയും ലഭിക്കാത്ത അർഹരായ ആളുകൾക്ക് ഉടൻ പണം അനുവദിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
എറണാകുളം നോർത്ത് മേൽപ്പാലത്തിലെ തകരാറുകൾ പരിഹരിക്കാൻ വിദഗ്ദ്ധ സമിതിയോട് ഉടൻ പാലം സന്ദർശിക്കാൻ എ. ഡി. എം. നിർദേശം നൽകി.
ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ 60.29 ശതമാനവും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 24.6 ശതമാനവും മറ്റു കേന്ദ്ര-സംസ്ഥാന ആവിഷ്കൃത പദ്ധതിയുടെ 77.04 ശതമാനവും തുകയാണ് ജില്ലയിൽ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.
എ. ഡി. എം സാബു കെ ഐസക് യോഗത്തിന് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ പി. ടി. തോമസ്, ടി. ജെ വിനോദ്, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പങ്കെടുത്തു.
വടക്കേക്കരയിൽ റെഡ് ലേഡി പപ്പായ കൃഷി
എറണാകുളം: വടക്കേക്കര പഞ്ചായത്തിൽ റെഡ് ലേഡി പപ്പായ കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചിരിക്കുന്നത്.
വേഗത്തിൽ വളരുകയും തുടർച്ചയായി കായ്ക്കുകയും ചെയ്യുന്നു എന്നത് റെഡ് ലേഡിയുടെ സവിശേഷതകളാണ്. ഫലങ്ങൾ പറിച്ചു കഴിഞ്ഞാലും രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. കൂടാതെ നട്ടു കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ ഫലം പാകുമാകും എന്നതും ഈ ഇനത്തെ ഏറ്റവും ആകർഷകമാക്കുന്നു. രോഗപ്രതിരോധശേഷി റെഡ് ലേഡി പപ്പായക്ക് കൂടുതലാണ്.
വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ആറായിരത്തോളം തൈകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പുരുഷ വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വ്യാവസായികാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. മടപ്ലാത്തുരുത്ത് ഒൻപതാം വാർഡിലെ സ്മൈൽ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വർഷങ്ങളായി തരിശുകിടന്ന സ്ഥലത്ത് ഇതിനായി നിലമൊരുക്കി.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഒരു കോടി ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് റെഡ്ലേഡി പപ്പായ തൈകൾ വിതരണം ചെയ്തത്. കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ക്യാപ്ഷൻ: വടക്കേക്കര പഞ്ചായത്തിലെ റെഡ് ലേഡി പപ്പായ കൃഷി വ്യാപന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിക്കുന്നു
സൂപ്പർവൈസ്ഡ് കമ്മിറ്റി യോഗം ചേർന്നു
എറണാകുളം : പെരിയാറിലെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബൂണൽ നിർദേശത്തെ തുടർന്ന് രൂപീകരിച്ച സൂപ്പർവൈസ്ഡ് കമ്മിറ്റിയുടെ പ്രാഥമിക യോഗം ഓൺലൈൻ ആയി ചേർന്നു. ഏലൂർ - എടയാർ വ്യവസായ മേഖലയിലെ മാലിനികരണവുമായി ബന്ധപ്പെട്ട് ഹരിത ട്രിബൂണൽ നിർദേശങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയാണ് സൂപ്പർവൈസ്ഡ് കമ്മിറ്റി യോഗം ചേർന്നത്. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷം വിശദമായ പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ ആണ് കമ്മിറ്റിയുടെ തീരുമാനം. ദേശിയ, സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി ഉദ്യോഗസ്ഥർ, നാഷണൽ എൻവയോണ്മെന്റൽ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കൊച്ചി താലൂക്കിലെ സഫലം അദാലത്ത് നടത്തി
എറണാകുളം : കൊച്ചി താലൂക്കിലെ ഓൺലൈൻ പരാതി പരിഹാര അദാലത്ത് ഡെപ്യൂട്ടി കളക്ടർ പി. ബി സുനിലാലിന്റെ നേതൃത്വത്തിൽ നടത്തി. 16 പരാതികൾ ആണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 6 പരാതികൾ തീർപ്പാക്കി. പോക്കുവരവിലെ കാലതാമസത്തെ തുടർന്നുണ്ടായ പരാതികൾ ആണ് പ്രധാനമായും അദാലത്തിൽ പരിഹരിച്ചത്. ആകെ പരാതികളിൽ അഞ്ച് എണ്ണത്തിൽ പോക്കുവരവ് അനുവദിച്ചു കരമടക്കാനുള്ള സൗകര്യം ഒരുക്കി. ഇനാം പട്ടയം, ലീസ് ഉൾപ്പടെയുള്ള പരാതികൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിച്ചു നൽകാൻ ഭൂരേഖ തഹസിൽദാറെ ഡെപ്യൂട്ടി കളക്ടർ ചുമതലപ്പെടുത്തി.
കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, ഭൂരേഖ തഹസിൽദാർ ടി. എൻ ദേവരാജൻ, ഹുസുർ ശിരസ്തിധാർ ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഗിഫ്റ്റ് സിറ്റി പദ്ധതി: ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിൽ ബ്രോക്കർമാരേയും ഇടനിലക്കാരേയും ഒഴിവാക്കണമെന്ന് അയ്യമ്പുഴ നിവാസികളോട് ജില്ലാ കളക്ടർ എസ്.സുഹാസ് അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ആണ് അയ്യമ്പുഴ വില്ലേജിലെ ഗിഫ്റ്റ് സിറ്റി പ്രോജക്ടിനായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത് ന്യായവും , സുതാര്യവും ആയ 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ (ലാറ) പ്രകാരം ആയിരിക്കും.
"ലാറ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആത്യന്തികമായ ഗുണഭോക്താക്കൾ ഭൂവുടമകൾ തന്നെയാകും. ഇതുമായി ബന്ധപ്പെട്ട എന്താവശ്യങ്ങൾക്കും ഭൂവുടമകൾ ബ്രോക്കർമാരെയോ വ്യാജ സഹായികളെയോ സമീപിക്കേണ്ടതില്ല. ഏതാവശ്യത്തിനും സർക്കാരിനെ ആണ് സമീപിക്കേണ്ടതെന്നും " ജില്ലാ കളക്ടർ പറഞ്ഞു.
എല്ലാ ഭൂവുടമകൾക്കും അവരുടെ സ്വത്തിന് ന്യായമായ വില ലഭിക്കും, പദ്ധതിയെപ്പറ്റിയും നടപടികളെക്കുറിച്ചും വിശദീകരിക്കാൻ ഉടൻതന്നെ ജനപ്രധിനിധികളുടെയും വ്യവസായ വകുപ്പ് പ്രതിനിധികളുടെയും യോഗം ചേരുന്നുണ്ട്.
വികസനത്തിന് എതിരല്ലാത്ത അയ്യമ്പുഴ നിവാസികളിലേക്കു ജനപ്രധിനിധികളിലൂടെ കൃത്യമായ വിവരങ്ങൾ എത്തുന്നതോടെ അഭ്യൂഹങ്ങൾക്ക് വിരാമം ആകും. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഈ പദ്ധതി പ്രദേശവാസികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതും പ്രദേശത്തെ പുരോഗതിയിലേക്ക് നയിക്കുന്നതുമാണ്.
മുതിർന്ന ഉദ്യോഗസ്ഥരെയും പൊതു പ്രതിനിധികളെയും അറിയാമെന്ന് ലാൻഡ് ബ്രോക്കർമാർ തെറ്റിദ്ധരിപ്പിച്ചേക്കാം, എന്നാൽ അത്തരം സാഹചര്യങ്ങളിൽ വഞ്ചിതരാകാതെ ഉചിതമായ അധികാരികളോട് പരാതിപ്പെടണം.
ആളുകളെ വഴിതെറ്റിക്കുന്നതിനായി വ്യാജ പ്രചാരണം നടത്തുന്ന അനധികൃത ബ്രോക്കർമാർക്കും സാമൂഹിക വിരുദ്ധർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
- Log in to post comments