എറണാകുളം അറിയിപ്പുകള്‍
പ്രത്യേക പ്രോത്സാഹന സമ്മാന വിതരണം 2020-21
കൊച്ചി: വിവിധ കോഴ്‌സുകളുടെ 2019-20 ലെ വാര്‍ഷിക പരീക്ഷയില്‍ (എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, റ്റി.റ്റി.സി, ഡിപ്ലോമ, ഡിഗ്രി, പി.ജി മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍) ഉന്നത വിജയം കരസ്ഥമാക്കിയ പട്ടിജാതി വിദ്യാര്‍ഥികള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യ്ക്ക് കുറഞ്ഞത് ആറ് ബി, നാല് സി ഗ്രേഡുകള്‍ ലഭിച്ചവര്‍ (സി, സി പ്ലസ് ഗ്രേഡുകളുടെ ആകെ എണ്ണം നാലില്‍ കൂടരുത്) പ്ലസ് ടു/വി.എച്ച്.എസ്.സി കുറഞ്ഞത് നാല് ബി, രണ്ട് സി ഗ്രേഡുകള്‍ ലഭിച്ചവര്‍ (സി, സി പ്ലസ്, ഗ്രേഡുകളുടെ ആകെ എണ്ണം രണ്ടില്‍ കൂടരുത്) ഡിഗ്രി, ഡിപ്ലോമ, പി.ജി തുടങ്ങിയ അറുപത് ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ അപേക്ഷിക്കാന്‍ യോഗ്യരാണ്. ഡി ഗ്രേഡ് ഉളളവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. ഇ-ഗ്രാന്റ്‌സ് 3.0 വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് ധനസഹായം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ ഇ-ഗ്രാന്റ്‌സ് 3.0 സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുകയും ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അനുബന്ധ രേഖകള്‍ എന്നിവ വിദ്യാര്‍ഥി സ്ഥിര താമസമാക്കിയിട്ടുളള ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
കൊച്ചി: 2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിവരും കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷത്തി അമ്പതിനായിരം രൂപയില്‍ കവിയാത്തവരും 2020-21 അധ്യയന വര്‍ഷം ജില്ലയിലെ ഗവ:/ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട ഒന്നാംവര്‍ഷ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജാതി/ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് പരിശീലന സ്ഥാപനത്തില്‍ ഫീസ് ഒടുക്കിയതിന്റെ രസീത് എന്നിവ സഹിതം ഒക്‌ടോബര്‍ 15 ന് വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
ഐ.എച്ച്.ആര്‍.ഡി അയിരൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍
ഡിഗ്രി പ്രവേശനം
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അയിരൂരില്‍ (8921379224) പുതുതായി അനുവദിച്ച അപ്ലൈയ്ഡ് സയന്‍സ് കോളേജിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കെ. മോഡല്‍ 3 (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) ബി.എസ്.സി ഫിസിക്‌സ് മോഡല്‍ 2 (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്) എന്നീ കോഴ്‌സുകളില്‍ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍ഡി www.ihrd.ac.in വെബ്‌സൈറ്റില്‍ അറിയാം
- Log in to post comments