പിന്നോക്ക വിഭാഗ കമ്മീഷനുമായി സമുദായ സംഘടനകള്‍ സഹകരിക്കണം: ജസ്റ്റിസ് ജി. ശിവരാജന്‍
കൊച്ചി: പിന്നോക്ക സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പിന്നോക്ക വിഭാഗ കമ്മീഷനുമായി സമുദായ സംഘടനകള്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. തൊഴില്‍, പ്രൊഫഷണല്‍ കോളേജ് പ്രവേശനം തുടങ്ങിയവയില്‍ പിന്നോക്ക പ്രാതിനിധ്യവും പരാതികളും സംബന്ധിച്ച തെളിവെടുപ്പിനായി കമ്മീഷന്‍ നടത്തിയ സിറ്റിങുകളില്‍ സംഘടനകളുടെ സാന്നിധ്യം നാമമാത്രമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എറണാകുളം ഗസ്റ്റ് ഹൗസില്‍ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഇന്നലെ നടത്തിയ സിറ്റിങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ്. ജി. ശിവരാജന്‍. സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിക്കപ്പെട്ട കമ്മീഷന്റെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സമുദായങ്ങളുടെ ആവശ്യങ്ങള്‍ കമ്മീഷന്‍ മുമ്പാകെ മതിയായ രീതിയില്‍ പ്രതിനിധാനം ചെയ്ത് അവതരിപ്പിക്കാന്‍ സംഘടനകള്‍ തയാറാകുന്നില്ല. കേരളത്തില്‍ ഉദ്യോഗസംവരണത്തിനുള്ള ഒ.ബി.സി പട്ടികയും വിദ്യാഭ്യാസ സംവരണത്തിനുള്ള എസ്.ഇ.ബി.സി പട്ടികയും വിശദമായി പഠിച്ച് അപാകതകള്‍ പരിഹരിച്ച് ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്മീഷന്‍. ഈ ഘട്ടത്തിലെങ്കിലും സംഘടനകള്‍ തങ്ങളുടെ നിലപാടുകള്‍ കൃത്യമായി മുന്നോട്ടുവയ്‌ക്കേണ്ടതാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.
പിന്നോക്ക വിഭാഗ സംവരണപ്രകാരം തൊഴില്‍ ലഭിക്കുന്ന വ്യക്തിയുടെ കുടുംബത്തെ ക്രീമിലെയര്‍ വിഭാഗത്തില്‍ പെടുത്തണമെന്ന സാംസ്‌ക്കാരിക സാഹിതി പ്രസിഡന്റ് സി.ടി. സെബാസ്റ്റ്യന്റെ നിവേദനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും പിന്നോക്ക ജാതികള്‍ക്കുമുള്ള വികസന പദ്ധതികള്‍ നവീകരിക്കണമെന്നുള്ള സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ നിവേദനം പരിഗണിച്ച കമ്മീഷന്‍ നിലവിലുള്ള പദ്ധതികള്‍ പ്രയോജനപ്പെടുത്താനും ഇതു സംബന്ധിച്ച് സമുദായാംഗങ്ങള്‍ക്ക് അറിവ് നല്‍കാനും തയാറാകണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നുള്ള ക്ഷേമപദ്ധതികള്‍ മെച്ചപ്പെടുത്തണമെന്നുള്ള ഉദയംപേരൂര്‍ ശ്രീനാരായണ വിജയ സമാജം സമര്‍പ്പിച്ച നിവേദനം, കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മൈനോരിറ്റി പ്രൊടക്ഷന്‍ റൈറ്റ്‌സ് പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രിക്ക് നല്‍കിയ 26 ഇന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം, ചങ്ങനാശ്ശേരി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം തുടങ്ങിയവയും കമ്മീഷന്‍ പരിഗണിച്ചു. അംഗങ്ങളായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, രജിസ്ട്രാര്‍ ജോര്‍ജ് ചാക്കോ എന്നിവരും പങ്കെടുത്തു.
- Log in to post comments