Skip to main content

എറണാകുളം വാര്‍ത്തകള്‍

അപേക്ഷ ക്ഷണിച്ചു

 

എറണാകുളം: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്കായി 2020-21 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പ്, പഠനമുറി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്  (ജില്ലാ പട്ടികജാതി ഓഫീസ്) മുഖേന 2020- 21 വർഷത്തിൽ ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചവർ ആയിരിക്കരുത്. അപേക്ഷകൾ സാക്ഷ്യപത്രങ്ങൾ സഹിതം ഒക്ടോബർ 15നകം പള്ളുരുത്തി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747365143.

 

ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

 

എറണാകുളം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. 14 ബ്ലോക്ക് പഞ്ചായത്തുകളിലായി 102 ഡിവിഷനുകളാണ് വനിതാ സംവരണമായി തിരഞ്ഞെടുത്തത്. ഇതിൽ മൂന്നെണ്ണം പട്ടികജാതി വനിതകൾക്കായും തിരഞ്ഞെടുത്തു. വൈപ്പിൻ ബ്ലോക്കിലെ ഡിവിഷൻ രണ്ടും വടവുകോട് ബ്ലോക്കിലെ ഡിവിഷൻ ഒൻപതും മുളന്തുരുത്തി ബ്ലോക്കിലെ ഡിവിഷൻ അഞ്ചുമാണ് പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തത്. 14 ഡിവിഷനുകൾ പട്ടികജാതി പൊതു വിഭാഗത്തിനായും സംവരണം ചെയ്തു. 

നിയമപ്രകാരം 50 ശതമാനം സീറ്റുകളാണ് വനിതകൾക്കായി തിരഞ്ഞെടുത്തത്. 2015ൽ ജനറൽ ആയിരുന്ന മുഴുവൻ ഡിവിഷനുകളും 2020ൽ വനിതാ ഡിവിഷനുകളായാണ് തീരുമാനിച്ചത്. ആകെ ഡിവിഷനുകളുടെ എണ്ണം ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന ബ്ലോക്കുകളിൽ അധികം വരുന്ന ഡിവിഷൻ വനിതകൾക്കായി പരിഗണിച്ചു. നറുക്കെടുപ്പിലൂടെയാണ് ഇത് തിരഞ്ഞെടുത്തത്.. മുൻ വർഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത വനിതാ ഡിവിഷൻ ഒഴിവാക്കിയാണ് നറുക്കെടുത്തത്. പട്ടികജാതി വിഭാഗ സംവരണ സീറ്റുകളും നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു.

 

ആരോഗ്യ പ്രവർത്തകർക്കുള്ള

മാസ്കുകൾ കൈമാറി

 

എറണാകുളം: ആരോഗ്യ പ്രവർത്തകർക്കായി കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് അംഗങ്ങൾ നിർമ്മിച്ച മാസ്കുകൾ കൈമാറി. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി.ജെ. അലക്സാണ്ടറിൽ നിന്നും ജില്ലാ കളക്ടർ എസ്.സുഹാസ് മാസ്കുകൾ ഏറ്റുവാങ്ങി. ഇരുപതിനായിരത്തിലധികം മാസ്കുകളാണ് നിർമ്മിച്ചു നൽകിയത്. സ്കൗട്സ് ആൻറ് ഗൈഡ്സ് അംഗങ്ങൾ വീടുകളിൽ നിർമ്മിച്ചതാണിവ. സ്കൗട്സ് ആൻറ് ഗൈഡ്സ് അസി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമീഷണർ സി.എസ്.സുധീഷ് കുമാർ, ജില്ലാ ട്രയിനിംഗ് കമീഷ്ണർ കെ.ജെ.ജോസഫ്, ജില്ലാ കമീഷ്ണർ ബേബി ജോർജ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഫിബിൻ ബേബി, റോവർ ലീഡർ എം.കെ. ബിബിൻ എന്നിവർ പങ്കെടുത്തു.

 

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകൾ 

    എറണാകുളം: ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളിലെയും സംവരണ ഡിവിഷനുകൾ നിശ്ചയിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി. വിവിധ ബ്ലോക്ക് പഞ്ചായത്തുകളും അവയിലെ സംവരണ ഡിവിഷനുകളും. പറവൂർ ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണ ഡിവിഷനുകൾ 1,3,4,8,9,12,13. പട്ടികജാതി പൊതുവിഭാഗം സംവരണ ഡിവിഷൻ 11.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണ ഡിവിഷനുകൾ 2,3,7,9,10,11,13. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 4. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണ ഡിവിഷനുകൾ 1,2,5,6,7,9,13. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 8. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണ ഡിവിഷനുകൾ 2,4,5,7,8,10,12. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 1.

     വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 15. വനിത സംവരണ ഡിവിഷനുകൾ 1,2,3,6,7,11,14,15. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 9. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിതസംവരണ ഡിവിഷനുകൾ 1,4,5,6,9,11,13. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 10. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിതസംവരണ ഡിവിഷനുകൾ 1,2,5,7,10,12,13. പട്ടികജാതി വനിത സംവരണഡിവിഷൻ 2. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 8.

       പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണ ഡിവിഷനുകൾ 1,3,6,9,10,11,13. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 12. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണ ഡിവിഷനുകൾ 1,3,5,7,8,9,11. പട്ടികജാതി വനിത സംവരണഡിവിഷൻ 5. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 2. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണ ഡിവിഷനുകൾ 1,4,7,8,9,10,11. പട്ടികജാതി വനിത സംവരണഡിവിഷൻ 9. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 5.

      കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 14. വനിത സംവരണ ഡിവിഷനുകൾ 1,2,8,9,10,11,14. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 7. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണഡിവിഷനുകൾ 1,2,3,5,9,10,13. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 7. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണ ഡിവിഷനുകൾ 1,3,4,6,7,9,11. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 13. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 13. വനിത സംവരണഡിവിഷനുകൾ 1,4,7,9,11,12,13. പട്ടികജാതി പൊതുവിഭാഗം സംവരണഡിവിഷൻ 8.

 

കോവിഡ് പ്രതിരോധത്തിന് ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്

എറണാകുളം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ഓൺലൈൻ ആയി ചേർന്നു. വ്യക്തികൾ, കുടുംബങ്ങൾ, സംഘടനകൾ എന്നിങ്ങനെ വിവിധ തലങ്ങൾ കേന്ദ്രീകരിച്ചു   ബോധവത്കരണം ശക്തമാക്കാൻ ആണ് ജില്ലാ ഭരണ കൂടത്തിന്റ തീരുമാനം. ജില്ലയിൽ ആവിഷ്കരിച്ച 'സ്വയം ' ക്യാമ്പയിൻറെ ഭാഗമായാണ് ബോധ വത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കോവിഡ് പ്രതിരോധം എന്റെ ഉത്തരവാദിത്വം എന്ന ആശയത്തെ മുൻ നിർത്തിയാണ് വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.  ക്യാമ്പയിൻ പ്രവർത്തന രീതി ആരോഗ്യ പ്രവർത്തകർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു നൽകി. 

 

രോഗലക്ഷണമില്ലാതെ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളുടെ പരിചരണം, റിവേഴ്‌സ് ക്വാറന്റൈൻ ഉറപ്പാക്കൽ,  അതിഥി തൊഴിലാളികൾക്കിടയിലെ ബോധവൽക്കരണം തുടങ്ങിയ കാര്യങ്ങൾക്കാണ് ക്യാമ്പയിൻ മുൻഗണന നൽകുന്നത്. സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടു കൂടി ആളുകളെ ബോധവത്കരിക്കാനുള്ള നടപടി വിവിധ വകുപ്പുകൾ സ്വീകരിക്കും. അംഗണവാടി ജീവനക്കാർ, ആശ പ്രവർത്തകർ, വാർഡ് തല റാപിഡ് റെസ്പോൺസ് ടീം എന്നിവരുടെയും സേവനം ഉപയോഗപ്പെടുത്തും. 

 

പൊതുസ്ഥലങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും സ്വയം ഒഴിവാകുക, കോവിഡ് ബാധിക്കാതെ സുരക്ഷിതരാവാൻ ആവശ്യമായ കരുതൽ സ്വീകരിക്കുക എന്നി കാര്യങ്ങൾക്കാണ് വ്യക്തി തലത്തിൽ ഊന്നൽ നൽകുന്നത്. വീടുകളിൽ കൈ കഴുകൽ ശീലമാക്കാനും പ്രായമായവർക്ക് പ്രത്യേക കരുതൽ നൽകാനുമുള്ള നടപടി സ്വീകരിക്കും.  വീടുകളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുവർക്കുള്ള പരിചരണ രീതികൾ മനസിലാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകും. 

 

സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെയിൻ ബ്രേക്കർമാരെ നിയോഗിക്കും. റെസിഡന്റ് അസോസിയേഷനുകളുടെയും വ്യാപാര സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ബ്രേക്ക്‌ ദി ചെയിൻ നിർദേശങ്ങൾ കർശനമായി  നടപ്പാക്കും. അതിഥി തൊഴിലാളിക്കൾക്ക് വേണ്ടി വിവിധ ഭാഷകളിൽ സന്ദേശങ്ങൾ കൈമാറും. 

 

കോവിഡ് മൂലമുള്ള മരണ സംഖ്യ കുറക്കുക എന്നതിനാണ് ആരോഗ്യ വകുപ്പ് മുൻഗണന നൽകുന്നത്. ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ശ്രീദേവി,  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

ജില്ലാ പഞ്ചായത്ത് സംവരണഡിവിഷനുകൾ

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനായി എറണാകുളം ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾ നിശ്ചയിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി. ജില്ലാ പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 27. വനിത സംവരണ ഡിവിഷനുകൾ 1, 3, 4, 7, 8, 10, 12, 13, 14, 17, 18, 20, 21, 26. പട്ടികജാതി വനിത സംവരണഡിവിഷനുകൾ 14, 18. പട്ടികജാതി പൊതുവിഭാഗം സംവരണ ഡിവിഷൻ 16. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നടപടിക്രമങ്ങൾക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് നേതൃത്വം നൽകി.

 

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: മൂവാറ്റുപുഴ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി 2020-21 വര്‍ഷം വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ അഞ്ച് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0485-2810018.

പരീക്ഷാ പരിശീലനം
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിക്കുന്നു. പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയുളള കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ ഉദ്യോഗാര്‍ഥികള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ ഒമ്പതിനുളളില്‍ ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ മേല്‍ വിലാസം, വാട്‌സ് ആപ്പ് നമ്പര്‍, ഇ-മെയില്‍ ഐ ഡി എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458.

മരട് ഗവ. ഐ.ടി.ഐ പ്രവേശനം; ട്രേഡ് ഓപ്ഷന്‍ ഒക്‌ടോബര്‍ 8 വരെ

കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിലെ 202021 പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും, പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി ഒക്‌ടോബര്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. https://www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി ഇതിനു അവസരമുണ്ട്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍    ട്രേഡ് ഓപ്ഷനും കൂടി  നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484-2700142 എന്ന നമ്പറില്‍ ബന്ധപ്പെടുക.

തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പ്രവേശന തീയതി നീട്ടി

കൊച്ചി: പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തിലെ ഡിഗ്രി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 20 വരെ നീട്ടി. ജേണലിസം, ഫാഷന്‍ ടെക്‌നോളജി എന്നിവയില്‍ മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയ്ക്കും ടൂറിസം, റേഡിയോഗ്രഫി എന്നിവയില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. പ്ലസ്ടു അല്ലെങ്കില്‍ തുല്യയോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫോം https://bit.ly/3gVXIxu എന്ന ലിങ്കിലും മാഹി കേന്ദ്രത്തിലും ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് സെന്റര്‍ ഹെഡ്, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി മാഹി സെന്റര്‍, സെമിത്തേരി റോഡ്, മാഹി, 673310 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് കൈമാറുകയോ ചെയ്യാം. തപാലില്‍ അയക്കുന്നവര്‍ അപേക്ഷ ഫോമിനൊപ്പം സ്വന്തം വിലാസമെഴുതി 60 രൂപയുടെ സറ്റാമ്പ് ഒട്ടിച്ച പോസ്റ്റ് കവറും ഫിനാന്‍സ് ഓഫീസര്‍, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി (പേയബിള്‍ അറ്റ് മാഹി) എന്ന വിലാസത്തില്‍ അപേക്ഷാഫോം ഫീസായ നൂറുരൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി:  ഒക്ടോബര്‍ 20. വിവരങ്ങള്‍ക്ക് ഫോണ്‍ 9207982622, 04902332622.

കളമശേരി വനിത ഐ.ടി.ഐ പ്രവേശനം; തീയതി നീട്ടി
കൊച്ചി: കളമശേരി ഗവ:വനിത ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുളള തീയതി ഒക്‌ടോബര്‍ എട്ടു വരെ ദീര്‍ഘിപ്പിച്ചു. itiadmission.kerala.gov.in പോര്‍ട്ടല്‍ വഴിയും det.kerala.gov.in വെബ്‌സൈറ്റിലുളള ലിങ്ക് മുഖേനയും അവസരമുണ്ട്. മാര്‍ഗ നിര്‍ദ്ദേശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നമ്പര്‍ 0484-2544750.

ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ബോര്‍ഡില്‍
മസ്റ്ററിംഗ് നടത്തണം

കൊച്ചി: ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ മുടങ്ങിയിട്ടുളള പെന്‍ഷണര്‍മാരും പുതുതായി പെന്‍ഷന് അപേക്ഷിച്ചിട്ടുളളവരും ഒക്‌ടോബര്‍ 15 നു മുമ്പായി തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങളെ സമീപിച്ച് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800243.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; മസ്റ്ററിംഗ് നടത്തണം
കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നവരില്‍ നാളിതുവരെ മസ്റ്ററിംഗ് നടത്താത്തവര്‍ ഒക്‌ടോബര്‍ 15 വരെ അതത് സ്ഥലത്തെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതല്ല എസ് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മസ്റ്ററിംഗ് പരാജയപ്പെടുന്ന വ്യക്തികള്‍ ഒക്‌ടോബര്‍ 15 നകം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

കരാര്‍ നിയമനം
കൊച്ചി: കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0484-2346488 നമ്പരില്‍ ഓഫീസ് സമയം 9.30 നും 5.30 നും ഇടയില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 10.

date