Skip to main content

എറണാകുളം വാര്‍ത്തകള്‍

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഇന്ന് ( 7 -10 -2020) മുതൽ

 

എറണാകുളം: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഇന്ന് ( 7 -10 -2020) ആരംഭിക്കും. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളുടെ പരിശോധനകളാണ് തുടങ്ങുന്നത്. ആദ്യഘട്ട പരിശോധനകൾക്കുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി.

 

സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ്റെ നിർദ്ദേശപ്രകാരം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എഞ്ചിനീയർമാരാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നത്. ഇതിനായി ആറ് എഞ്ചിനീയർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.  സെപ്തംബർ 25 നു ജില്ലയിലെത്തിയ ഇവർ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ഒരാളെ ഒഴിവാക്കി മറ്റ് അഞ്ചു പേരും ജോലി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. 

 

12,000 യന്ത്രങ്ങളാണ് ഇവിടെയുള്ളത്. ആദ്യഘട്ട പരിശോധന ഒരു മാസം നീണ്ടു നിൽക്കും. യന്ത്രം തുറന്ന് സാങ്കേതിക തകരാറുകളും നിരീക്ഷിക്കും. പരിഹരിക്കാൻ കഴിയുന്ന കേടുപാടുകൾ അപ്പോൾ തന്നെ പരിഹരിക്കാനാണ് നിർദ്ദേശം. പരിശോധനക്കു ശേഷം ഉപയോഗിക്കാൻ പറ്റുന്നതാണെന്ന സാക്ഷ്യപത്രം കൈമാറും. ഇത്തരത്തിൽ സാക്ഷ്യപത്രം ലഭിക്കുന്ന യന്ത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക. 

 

കളക്ടറേറ്റിൽ നിന്നും പത്ത് ജീവനക്കാരുടെ സഹായവും ഇവർക്കുണ്ടാകും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്കു പുറമെ ചാർജ് ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും പരിശോധനകൾ. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചു വരെ ആദ്യഘട്ട പരിശോധന തുടരും.

 

ജോലി ഒഴിവ്

 

എറണാകുളം: ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 12 നു മുമ്പ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 30 നും ഇടയിൽ. 3 വർഷത്തെ പ്രവർത്തി പരിചയം വേണം. യോഗ്യതകൾ: എസ്.എസ്.എൽ.സി. പാസായിരിക്കണം. വിവിധ ഐടിഐ ട്രേഡുകളിൽ ഉള്ള സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എസ്.എസ്.എൽ.സിയും പുതുക്കിയ ഫോർക്ക് ലിഫ്റ്റ് / ക്രയിൻ ഓപറേറ്റർ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ സ്രാങ്ക്/ലാസ്കർ കം സ്രാങ്ക് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ ഫാക്ടറി കാൻ്റീൻ /3 സ്റ്റാർ ഹോട്ടൽ എന്നിവിടങ്ങളിൽ കുക്ക് ആയിട്ടുള്ള അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം. അല്ലെങ്കിൽ നാലാം ക്ലാസും റിഗ്ഗിങ്ങ് ജോലിയിൽ ഉള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

 

ചേന്ദമംഗലത്ത് ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി

 

എറണാകുളം: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. വിളകളുടെ തൈകൾ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിച്ചു.  'ഗ്രാമം ഹരിതാഭം' പച്ചക്കറി കൃഷി വികസന പദ്ധതിയുടെയും പച്ചക്കറി കൃഷി ഗ്രൂപ്പ് വനിത പദ്ധതിയുടെയും 2020-21 വർഷത്തെ ഉദ്ഘാടനമാണ് നടന്നത്. 

 

ശീതകാല പച്ചക്കറി വിളകളായ ക്യാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയാണ് കൃഷി ചെയ്യുന്നത്. ഗ്രാമം ഹരിതാഭം പദ്ധതിയിൽ 250 യൂണിറ്റുകൾക്ക് ജൈവവളം, കുമ്മായം, പച്ചക്കറി തൈകൾ, വിത്ത് പാക്കറ്റ്, കൂലിച്ചെലവ് എന്നിവയും 45 വനിത ഗ്രൂപ്പുകൾക്ക് വളം, പച്ചക്കറി തൈകൾ എന്നിവയും കൂലിചെലവും സബ്സിഡി നിരക്കിൽ ലഭിക്കും.

 

ചേന്ദമംഗലം പഞ്ചായത്തിനെ ഭക്ഷ്യ സുരക്ഷയിൽ സ്വയം പര്യാപ്തരാക്കുക, പുരയിട കൃഷി പ്രോത്സാഹിപ്പിക്കുക, മാതൃക കൃഷിത്തോട്ടങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. തരിശായി കിടന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. വിവിധ വാർഡുകളിൽ പഞ്ചായത്ത് അംഗങ്ങൾ പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകും.

 

വൈസ് പ്രസിഡൻ്റ് നിത സ്റ്റാലിൻ, കൃഷി ഓഫീസർ ആതിര പി.സി, കൃഷി അസിസ്റ്റൻ്റ് സിജി ഏ.ജെ, ഗ്രൂപ്പ് കൺവീനർ ഷീന, ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

ക്യാപ്ഷൻ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിക്കുന്നു

 

ചുള്ളി അയ്യമ്പുഴ  കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

 

എറണാകുളം: കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച ചുള്ളി അയ്യമ്പുഴ  കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നീതു അനു ശിലാഫലകം അനാച്ഛാദനം ചെയ്തു. ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പൊതുജന ആരോഗ്യ വിഭാഗത്തിന് പ്രത്യേകമായി കെട്ടിടം ഒരുക്കിയിട്ടുണ്ട്. കൂടാതെ കോൺഫറൻസ് ഹാളും ലബോറട്ടറിയും ശീതീകരിച്ച ഫാർമസിയും കൂടുതൽ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാകും. മെഡിക്കൽ വിഭാഗത്തിന് ഓഫീസും അനുബന്ധ സൗകര്യങ്ങളും വർധിപ്പിച്ചു. ആംബുലൻസ് സേവനവും ലഭിക്കും. ആകെ 76,02, 113 രൂപയാണ് ചിലവഴിച്ചത്. സംസ്ഥാന സർക്കാരിൻ്റെ 15 ലക്ഷം രൂപയുംറോജി എം.ജോൺ എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും പഞ്ചായത്തിൻ്റെ തനതു ഫണ്ടിൽ നിന്നും 41,02,113 രൂപയും വികസന പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.യു.ജോമോൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജ ഷാജി എന്നിവർ പങ്കെടുത്തു.

 

ആര്‍ദ്രം മിഷൻ: മണീട് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

   എറണാകുളം: ഉന്നത നിലവാരത്തിൽ പ്രവർത്തന സജ്ജമായ മണീട് കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. രോഗീ സൗഹൃദ പൊതു ആരോഗ്യകേന്ദ്രങ്ങൾ വാർത്തെടുക്കുന്നത് ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ആര്‍ദ്രം മിഷനിലൂടെ ജില്ലയിലെ നാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് ചൊവ്വാഴ്ച കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. 

    കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെ ഒ.പി സൗകര്യം ലഭ്യമായിരിക്കും. ഞായറാഴ്ച പകല്‍ 1.30വരെ ഒ.പി സൗകര്യം ലഭിക്കും. പുതിയ ക്ലിനിക്കല്‍ ലബോറട്ടറിയും ഒ.പി വിഭാഗവും കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തന സജ്ജമായി. 

   മണീട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അനൂപ് ജേക്കബ് എം.എല്‍.എ ക്ലിനിക്കല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭ ഏലിയാസ്, ജില്ലാ പഞ്ചായത്തംഗം ആശ സനല്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ സോമന്‍, മണീട് പഞ്ചയാത്ത് വൈസ് പ്രസിഡന്‍റ് വി. ജെ ജോസഫ്, ധന്യ സിനേഷ്, പഞ്ചായത്ത് സെക്രട്ടറി സീജ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തു

 

 

എറണാകുളം : കോതമംഗലം മണ്ഡലത്തിൽ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉത്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിങ് വഴി നിർവഹിച്ചു.  കോതമംഗലം എം. എൽ. എ  ആൻ്റണി ജോൺ  ശിലാഫലകം അനാഛാദനം ചെയ്തു. 

കവളങ്ങാട് ഗ്രാമപഞ്ചായത്തിനു പുറമേ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി, മാമലക്കണ്ടം പ്രദേശങ്ങളിലേയും, ഇടുക്കി ജില്ലയിലെ കാഞ്ഞിരവേലി, പഴമ്പിള്ളിച്ചാൽ,കരിമണൽ തട്ടേക്കണ്ണി,വിവിധങ്ങളായ ആദിവാസി കുടികളിലേയും അടക്കമുള്ള സാധാരണക്കാരായ നൂറ് കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രമാണ്  നേര്യമംഗലം ആരോഗ്യ കേന്ദ്രം. ദിനംപ്രതി 250 ൽ അധികം പേർ ചികിത്സയ്ക്കായി എത്തുന്ന ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറിയതോടെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. 3 ഡോക്ടർമാരുടേയും കൂടുതൽ നഴ്സുമാരുടേയും,ലാബ് ടെക്നീഷ്യൻ അടക്കമുള്ള

പാരാ മെഡിക്കൽ സ്റ്റാഫിന്റേയും  സേവനം ഇവിടെ  ലഭ്യമാകും. വിപുലമായ ലാബ് സൗകര്യം, ഗർഭിണികൾക്കും, മറ്റ്‌ രോഗികൾക്കും വിശ്രമിക്കുന്നതിന് പ്രത്യേക റെസ്റ്റിങ്ങ് റൂമുകൾ, ശ്വാസ ക്ലീനിക്കുകൾ,ആശ്വാസ ക്ലീനിക്കുകൾ തുടങ്ങിയ സേവനങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി ഇനി ലഭിക്കും.  കമ്പ്യൂട്ടറൈസ്ഡ് ആയതോടെ ഓ പി യിലെ തിരക്ക് കുറയ്ക്കുന്നതിനും,ഓ പി യിലെത്തുന്നവർക്ക് വേഗത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതടക്കമുള്ള സൗകര്യങ്ങൾ  കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെലിൻ ജോൺ,ബിന്ദു ജയകുമാർ,എം എൻ ശശി,വിൻസൻ ഇല്ലിക്കൽ, പഞ്ചായത്ത് മെമ്പർ അനീഷ് മോഹനൻ,ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ആശിഷ് ബി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എച്ച് നാസർ, മെഡിക്കൽ ഓഫീസർ ലൂസീന ജോസഫ്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കരാര്‍ നിയമനം
കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപത്തില്‍ വിവിധ തസ്തികകളിലേക്ക് (കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍) ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 12 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30 നിയമാനുസൃത വയസിളവ് അനുവദനീയം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം/ ട്രെയിനിങ് ഉളളവരായിരിക്കണം.
യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. കൂടാതെ വിവിധ ഐറ്റിഐ/എന്റ.റ്റി.സി ട്രേഡുകളിലുളള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്.എസ്.എല്‍.സി യും പുതുക്കിയ ഫോര്‍ക്ക് ലിഫ്റ്റ്/ക്രെയിന്‍ ഓപ്പറേറ്റര്‍ ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ ഏഴാം ക്ലാസും സ്രാങ്ക്/ലേസര്‍ കം സ്രാങ്ക് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഫാക്ടറി കാന്റീന്‍/ത്രീ സ്റ്റാര്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ കുക്ക് ആയിട്ടുളള അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നാലാം ക്ലാസും റിഗ്ഗിങ് ജോലിയിലുളള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നാലാം ക്ലാസും റിഗ്ഗിങ് ജോലിയിലുളള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍
അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തണം
കൊച്ചി: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചിരുന്ന കയര്‍ തൊഴിലാളികളില്‍ മസ്റ്ററിംഗ് നടത്താത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവരും, മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവരുമായവര്‍ ഒക്‌ടോബര്‍ 15 നകം ആധാര്‍ കാര്‍ഡും, പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങില്‍ നേരിട്ടു ഹാജരായി പെന്‍ഷന്‍ മസ്റ്റലിംഗ് നടത്തേണ്ടതാണ്. ശാരീരിക ബുദ്ധിമുട്ടുളളവര്‍ക്ക് ഹോം മസ്റ്ററിംഗിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ അതിനുളള സൗകര്യം ലഭിക്കും.
കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പുതിയതായി പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് മാസം വരെ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള കയര്‍ തൊഴിലാളികളും മേല്‍പ്പറഞ്ഞ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഏതെങ്കിലും കാരണത്താല്‍ മസ്റ്റര്‍ പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നുളള മസ്റ്റര്‍ ഫെയില്‍ റിപ്പോര്‍ട്ടും ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ഒക്‌ടോബര്‍ 16 നകം ക്ഷേമനിധി ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ നല്‍കണം.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: 2020 നവംബര്‍ ഒന്നു മുതല്‍ 2021 ഒക്‌ടോബര്‍ 31 വരെയുളള കാലയളവിലേക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ എയര്‍ കണ്ടീഷണറുകള്‍ ഒരു വര്‍ഷത്തേക്ക് റിപ്പയര്‍ ചെയ്യുന്നതിന് വാര്‍ഷിക കരാര്‍ എടുക്കാന്‍ യോഗ്യതയുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി ടെന്‍ഡന്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം  സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 23 വൈകിട്ട് അഞ്ചുവരെ.

വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട  അപേക്ഷാ ഫാറത്തില്‍ ഒക്‌ടോബര്‍ 30 ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്‌സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷ/ വിദ്യാര്‍ഥി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.

ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്‍ജിന്‍ െ്രെഡവര്‍ തസ്തികയിലെ ഓപ്പണ്‍-5 (റ്റി1,3,5,7,9),ഇറ്റിബി-1 (റ്റി-2)എസ്.സി-1(റ്റി-4) മുസ്ലീം-1 (റ്റി 6)എല്‍.സി/എ.ഐ-1, ഒ.ബി.സി-1(റ്റി-10) വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്.
യോഗ്യത: എഴുത്തും , വായനയും അറിഞ്ഞിരിക്കണം.  കേരള ഇന്‍ലാന്‍ഡ് വെസ്സല്‍ റൂള്‍സ് 2010  നു കീഴില്‍ നല്‍കിയിട്ടുള്ള ഫസ്റ്റ് ക്‌ളാസ്സ്                      എന്‍ജിന്‍ െ്രെഡവര്‍ ലൈസന്‍സ്  (സ്ത്രീകളും, ഭിന്നശേഷിക്കാരും അര്‍ഹരല്ല)വയസ്സ് 2020 ജനുവരി ഒന്നിന് 18-37 വയസ്സ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസ്സിളവ് അനുവദനീയം. ശമ്പളം : 732/-(ദിവസം) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 23-ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

മൃഗസംരക്ഷണ പരിശീലനം
കൊച്ചി: ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മുഖേന ഒക്‌ടോബര്‍ മാസത്തില്‍ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് (ഗൂഗിള്‍ മീറ്റ്) നടത്തും. താത്പര്യമുളള കര്‍ഷകര്‍ ഓഫീസ് പ്രവൃത്തി സമയത്ത് 9188522708 നമ്പരില്‍ വിളിച്ചോ വാട്‌സ് ആപ്പ് മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം. ഒക്‌ടോബര്‍ 13-ന് ഇറച്ചിക്കോഴി വളര്‍ത്തല്‍, 20-ന് കറവപ്പശു പരിപാലനം-രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും, 27-ന് തീറ്റപ്പുല്‍കൃഷി എന്നിവയിലാണ് പരിശീലനം. 

date