ആയുര്‍വേദത്തിന് അന്തര്‍ദേശീയ പേറ്റന്റ് സംരക്ഷണം: ധാരണാപത്രം ഇന്ന് (മാര്‍ച്ച് 23) ഒപ്പുവെക്കും
ആയുര്‍വേദത്തിന് അന്തര്‍ദേശീയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷണല്‍ നോളഡ്ജ് ഇന്നൊവേഷന്‍-കേരളയും(TKIK) സി.എസ്.ഐ.ആര്‍-ട്രഡീഷണല്‍ നോള്ജ് ഡിജിറ്റല്‍ ലൈബ്രറിയും (CSIR-TKDL) തമ്മില്‍ ഇന്ന് (മാര്‍ച്ച് 23) രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുന്നു. ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാര്‍, ടി.കെ.ഐ.കെ., ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ ആയുഷ് വകുപ്പുകള്‍ എന്നിവ നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ധാരണാപത്രം സാക്ഷാത്ക്കരിക്കുന്നത്. സംസ്ഥാനത്തിന്റേതുള്‍പ്പെടെയുള്ള ആയുര്‍വേദ വിജ്ഞാനത്തിന്മേല്‍ ആഗോളതലത്തില്‍ ദിനംപ്രതി വന്‍തോതില്‍ വ്യാജ പേറ്റന്റ് അപേക്ഷകളും പേറ്റന്റ് നഷ്ടവും സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ധാരണാപത്രത്തിന്റെ ആവശ്യകതയുണ്ടായത്. കേരളത്തിലോ ഇന്ത്യയിലോ ജൈവചോരണം (Biopiracy) തടയുന്നതിന് ഫലപ്രദമായ ഒരു നിയമവും നിലവിലില്ല. സംസ്ഥാനവും കേന്ദ്രവും പല അവസരങ്ങളിലായി പാരമ്പര്യ അറിവുകളെ സംരക്ഷിക്കുന്നതിന് കരട് ബില്ലുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നിയമമായിട്ടില്ല.
പാരമ്പര്യവിജ്ഞാന സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഡിഫന്‍സീവ് പ്രൊട്ടക്ഷന്‍. പേറ്റന്റ് എന്നത് ഭരണഘടനാപരമായി യൂണിയന്‍ ലിസ്റ്റില്‍ വരുന്നതിനാല്‍ സംസ്ഥാനത്തിന് സ്വതന്ത്രമായി നീങ്ങാനും പരിമിതികളുണ്ട്. ഇന്ത്യയാണ് പാരമ്പര്യ വിജ്ഞാന സംരക്ഷണത്തിനായി ലോകമെങ്ങും അംഗീകരിക്കപ്പെട്ട ടി.കെ.ഡി.എല്‍. എന്ന ഡിഫന്‍സീവ് ഡാറ്റാബേസിന് രൂപം നല്‍കിയത്. ഏഴിലധികം രാജ്യങ്ങളുമായും അന്തരാഷ്ട്ര പേറ്റന്റ് ഓഫീസുകളുമായും ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള രാജ്യാന്തര അംഗീകരമുള്ള ടി.കെ.ഡി.എല്‍. ഇന്ന് ലഭിക്കാവുന്ന ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായ ഡാറ്റാബേസ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടി.കെ.ഡി.എല്‍. മായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ തീരുമാനിച്ചത്.
അഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു സങ്കേതത്തിലൂടെ (ടി.കെ.ഡി.എല്‍) നമ്മുടെ വിജ്ഞാനം രാജ്യാന്തരതലത്തില്‍സംരക്ഷിക്കപ്പെടാനും വ്യാജ പേറ്റന്റുകള്‍ തടയാനും ധാരണാപത്രത്തിലൂടെ സാധിക്കും. ടി.കെ.ഡി.എല്‍. ഡാറ്റാബേസ് ഉപയോഗിക്കുമ്പോള്‍ നേരിട്ടൊരു ചെലവും വരുന്നില്ല. ഇതിലൂടെ പേറ്റന്റ് തിരിച്ചുപിടിക്കുന്നതിനു വേണ്ടിവരുന്ന ഭീമമായ ചെലവ് ഒഴിവാക്കാനാകുന്നു.
ധാരണാപത്രം ഒപ്പുവെക്കുന്നതിനോടനുബന്ധിച്ച് രാവിലെ 11.30 മുതല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ ദേശീയ സെമിനാറും സംഘടിപ്പിക്കും. സെമിനാറിന്റെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
പി.എന്‍.എക്‌സ്.1097/18
- Log in to post comments