Skip to main content

ചെറുതോണിയില്‍ പുതിയ പാലത്തിന്റെ നിര്‍മാണത്തുടക്കം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ശിലാഫലകം അനാവരണം ചെയ്തു.

 മെഡിക്കല്‍ കോളേജിനു പിന്നാലെ ഇടുക്കി നിവാസികളുടെ മറ്റൊരു ചിരകാലാഭിഷേകം കൂടി സാക്ഷാത്കാര പാതയില്‍. ചെറുതോണിയില്‍ പെരിയാറിനു കുറുകെ പുതിയ പാലത്തിന്റെനിര്‍മാണ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി  നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെയും മുഖ്യസാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ശിലാഫലം അനാവരണം ചെയ്ത് നിര്‍വഹിച്ചു. കേരളത്തിന്റെ ദേശീയപാതാ വികസനത്തില്‍ അതീവ താത്പര്യത്തോടെ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര മന്ത്രി പ്രശംസിച്ചു. പാതകള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രയാസം നേരിടുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരനും നടത്തിയ ആത്മാര്‍ഥ ശ്രമങ്ങളുടെ ഫലമായി ഇക്കാര്യത്തില്‍ വിജയം കണ്ടു. മുഖ്യമന്ത്രി പലതവണ തന്നെ വന്നു കണ്ട കാര്യം കേന്ദ്രമന്ത്രി അനുസ്മരിച്ചു. റോയല്‍റ്റി ഉള്‍പ്പെടെ മറ്റു വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയപാതാ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഐ കെ. പാണ്ഡെ ആമുഖപ്രഭാഷണം നടത്തി. കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിന്റെ ഭാഗമായിട്ടാണ് ചെറുതോണിയില്‍ പുതിയ പാലം വരുന്നത്. ചെറുതോണി ഉള്‍പ്പെടെ ഏഴു വികസന പദ്ധതികള്‍ക്കാണ് ഇന്നലെ തുടക്കമിട്ടത്.

    കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരി അല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ ദേശീയപാതാ വികസനം യാഥാര്‍ഥ്യമാകുമോയെന്നു സംശയിക്കേണ്ടി വന്നേനെയേന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോഴത്തെ ദേശീയപാതാ വികസനം ഇടുക്കി നിവാസികള്‍ക്ക് ഏറെ ആഹ്ളാദം പകരുന്നതാണ്. 24 കോടി മുതല്‍ മുടക്കി നിര്‍മിക്കുന്ന ഈ പാലം ഭാവിലെ ഏതു പ്രളയത്തെയും അതിജീവിക്കാന്‍ കഴിയുന്നതാണ്. 18 മാസത്തിനുളളില്‍ പാലം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തില്‍ ദേശീയപാതാ വികസനം ഇനി സാധ്യമല്ലെന്നു കണ്ടു പിന്‍മാറിയ ദേശീയപാതാ വികസന അതോറിട്ടിയെ തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ദേശീയപാതയുടെ വികസനം അനിവാര്യമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വലിയ പിന്തുണ നല്‍കി. കേന്ദ്രമന്ത്രി ഗഡ്കരിയുടെ പിന്തുണ വളരെ വലുതാണ്. താന്‍ പലതവണ കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ചു. സ്വഭാവിക പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തുടര്‍ന്ന് അലൈന്‍മെന്റിനു അന്തിമരൂപം നല്‍കുകയും ഭൂമി ഏറ്റെടുത്തു നല്‍കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ പ്രത്യേക ഓഫീസുകള്‍ തന്നെ തുറന്നു. ഉദ്യോഗസ്ഥ, ഭരണതലത്തിലെ സമയോചിത ഇടപെടല്‍ ഇതിനു സഹായകമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല വകുപ്പ് സഹ മന്ത്രി റിട്ട. ജനറല്‍ വി. കെ. സിംഗ്, വിദേശകാര്യ സഹമന്ത്രി വി. കെ. സിംഗ്, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, മറ്റ് മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ. കെ. ശശീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ജില്ലാകളക്ടര്‍ എച്ച്. ദിനേശന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ഗ്രാപഞ്ചായത്തംഗങ്ങളായ പി. എസ്. സുരേഷ്, കെ എം ജലാലുദീന്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ദേശീയപാതാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മധുരയിലെ കെ എസ് കമ്പനിക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല.

date