Skip to main content

അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍

അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍

 

എറണാകുളം:              കാലാവസ്ഥാ വ്യതിയാന ത്തെ ഫലപ്രദമായി നേരിടാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന  'പച്ചത്തുരുത്ത്' പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയ ജില്ലയിലെ വിവിധ പഞ്ചായത്തുകളെ ആദരിച്ചു. സംസ്ഥാനത്ത് ആയിരം പച്ചത്തുരുത്തുകള്‍ പൂര്‍ത്തികരിച്ചതു സംബന്ധിച്ച പ്രഖ്യാപനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിര്‍വ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ഒരേ സമയം നടന്ന ചടങ്ങിലാണ് ഹരിത കേരളം മിഷന്റെ അനുമോദനപത്രം കൈമാറിയത്. പച്ചത്തുരുത്ത് പദ്ധതി മാതൃകാപരമായി നിര്‍വ്വഹിച്ച പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോട്ടുവള്ളി,ചേന്ദമംഗലം, വടക്കേക്കര, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലും, വാഴക്കുളം, വാരപ്പെട്ടി , ആമ്പല്ലൂര്‍, കുട്ടമ്പുഴ, വാളകം, മാറാടി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, നെടുമ്പശ്ശേരി ഗ്രാമപഞ്ചായത്തുകളിലുമാണ് ചടങ്ങുകള്‍ നടന്നത്.

 

തൊഴിലുറപ്പ് പദ്ധതിയുടെയും, സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെയും സഹായത്തോടെ തരിശുഭൂമിയില്‍ തദ്ദേശിയമായ വൃക്ഷതൈകള്‍ നട്ടു പിടിപ്പിച്ച് ജൈവവൈവിധ്യ സംരക്ഷണത്തിന് കുട്ടി വനങ്ങള്‍ ഒരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി 36 പച്ചത്തുരുത്തുകളാണ് ഇതുവരെ സ്ഥാപിച്ച് പരിപാലിച്ചു വരുന്നത്. 

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി  കളക്ടര്‍ വൃന്ദ മോഹന്‍ദാസ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് ഡയറക്ടര്‍ എം ജി എന്‍ ആര്‍ ഇ ജി എസ് ട്രീസ ജോസ്, വാഴക്കുളം പഞ്ചായത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുൺ , രാമമംഗലം പഞ്ചായത്തില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍  പ്രസിഡന്റ് യേശുദാസ് പറപ്പള്ളി തുടങ്ങിയവര്‍ വിവിധയിടങ്ങളിലായി നട ചടങ്ങില്‍  അനുമോദന പത്രം വിതരണം ചെയ്തു. അതതു പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും അനുമോദന പത്രം ഏറ്റുവാങ്ങി.

date