Skip to main content
തദ്ദേശ ദിനാഘോഷത്തിന്‍റെ ലോഗോ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു

തദ്ദേശ ദിനാഘോഷത്തിന് ഒരുങ്ങി തൃത്താല  ലോഗോ പ്രകാശനം ചെയ്തു

 

തൃത്താലയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്‍റെ ലോഗോ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ് ലോഗോ ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം ചടങ്ങില്‍ പങ്കെടുത്തു. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്ക് മാട്ടി മുഹമ്മദാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് മത്സരത്തിലൂടെ ക്ഷണിച്ച എൻട്രികളില്‍ നിന്നാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്. ലോഗോ ഡിസൈൻ ചെയ്തയാള്‍ക്കുള്ള പുരസ്കാരം ഫെബ്രുവരി 18ന് തദ്ദേശ ദിനാഘോഷത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ വിതരണം ചെയ്യും. ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നത്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാല്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഫെബ്രുവരി 19ന് പ്രതിനിധി സമ്മേളനം മന്ത്രി എം ബി രാജേഷും, ഓപ്പൺ ഫോറം പ്രതിപക്ഷനേതാവ് വി ഡി സതീശനും ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരം സമ്മേളനത്തില്‍ വിതരണം ചെയ്യും.അതിദാരിദ്ര നിര്‍മാര്‍ജനം, ശുചിത്വ കേരളം, തൊഴിലും സംരംഭങ്ങളും പ്രാദേശിക സാമ്പത്തിക വികസനവും, സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, തനതു വിഭവ സമാഹരണം എന്നിവ സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ക്ക് തദ്ദേശ ദിനാഘോഷം വേദിയാകും. ഫെബ്രുവരി 14 മുതല്‍ കലാപരിപാടികളും ഫെബ്രുവരി 16 മുതല്‍ വിപുലമായ എക്സിബിഷനും പരിപാടിയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ് യാഥാര്‍ഥ്യമായ ശേഷമുള്ള ആദ്യത്തെ തദ്ദേശ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

date