Skip to main content

കോവിഡ് രണ്ടാംഘട്ടം: ആശ്വാസമേകാന്‍ ആയുര്‍വേദം

 

കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പുനര്‍ജനി പദ്ധതി ആശ്വാസമാകുന്നു. കോവിഡ് രോഗം ഭേദമായവരില്‍ കണ്ടുവരുന്ന ക്ഷീണം, കിതപ്പ്, ശ്വാസംമുട്ടല്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ പരിഹരിക്കുകയാണ് പുനര്‍ജനി പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ശ്വാസകോശത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഷായം, ഗുളിക, ലേഹ്യം തുടങ്ങി  രോഗികളുടെ ശാരീരിക പ്രത്യേകതകള്‍ക്കനുസരിച്ചുള്ള ഔഷധങ്ങളാണ് നല്‍കുന്നത്.

കോവിഡ് രോഗബാധിതര്‍ നേരിടുന്ന മാനസിക വെല്ലുവിളികളെ തരണം ചെയ്യാന്‍ സഹായിക്കുന്ന ജീവാമൃതം പദ്ധതി ആയിരത്തിലധികം പേര്‍ക്കാണ് സാന്ത്വനമാകുന്നത്. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, ഓര്‍മ്മക്കുറവ്, അകാരണമായ ഭയം, വിഷാദം, മദ്യപാനാസക്തി എന്നിവയ്ക്ക് ഫോണിലൂടെ പരിഹാരങ്ങള്‍ നല്‍കും. രോഗം ബാധിക്കാത്തവരിലും ഇതേ മാനസികാവസ്ഥ കാണുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ സേവനങ്ങളും പദ്ധതിയിലൂടെ നല്‍കും. കൗണ്‍സിലിങ്, സൈക്കോതെറാപ്പി എന്നിവയ്ക്ക് പുറമെ മരുന്ന് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ലഭിക്കും. മാനസികാരോഗ്യ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാമിന ജസീല്‍ കൗണ്‍സിലിങിന് നേതൃത്വം നല്‍കുന്നു. 9526942342 എന്ന നമ്പറില്‍ ഡോക്ടറെ ബന്ധപ്പെടാം.

ജില്ലയിലെ എല്ലാ ആയുര്‍വേദ ആശുപത്രികളിലും വിവിധ പ്രായത്തിലുള്ളവര്‍ക്ക് പ്രത്യേക ചികിത്സ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്.  കോവിഡ് പോസിറ്റീവായവര്‍ക്ക്  പ്രതിരോധശേഷി നേടാനും കോവിഡ് നെഗറ്റീവാകാനും ഭേഷജം പദ്ധതിയിലൂടെ മരുന്നുകള്‍ നല്‍കുന്നു. കൂടാതെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് സുഖായുഷ്യം,  60 വയസ്സിന് താഴെയുള്ളവര്‍ക്ക് സ്വാസ്ഥ്യം, ക്വാറന്റൈനില്‍  കഴിയുന്നവര്‍ക്ക് അമൃതം പദ്ധതികളിലൂടെയും ചികിത്സ നല്‍കുന്നുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.എസ് ഷിബു അറിയിച്ചു.

date