Skip to main content

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും - കലക്ടര്‍

 

 

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം

കോവിഡ് വ്യാപനം പ്രതിരോധിക്കാനായി ശനി, ഞായര്‍ (ഏപ്രില്‍ 24, 25) ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ സമയ നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി നടപ്പാക്കുമെന്ന്  കലക്ടര്‍ സാംബശിവറാവു. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ.

തെരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ഡ്യൂട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. ശനിയാഴ്ച  നടക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ല.  ശനിയാഴ്ച  സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതു മേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ആയിരിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സര്‍ക്കാര്‍/സ്വകാര്യ ) ട്യൂഷന്‍ സെന്ററുകള്‍, സംഗീതം/ഡാന്‍സ് ക്ലാസുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ഓണ്‍ലൈനായി മാത്രമേ ക്ലാസുകള്‍ നടത്താന്‍ പാടുള്ളൂ. വേനല്‍കാല ക്യാമ്പുകളും പരിശീലന പരിപാടികളും പാടില്ല.

കോവിഡ് പ്രതിരോധം, മാനേജ്‌മെന്റ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ, അടിയന്തര/അവശ്യ സേവനങ്ങള്‍ നല്‍കുന്നതോ ആയ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ മുതലായവക്ക് പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെ  ഉദ്യോഗസ്ഥര്‍ക്ക് യാത്രാ നിയന്ത്രണം ഉണ്ടായിരിക്കില്ല.

അടിയന്തര/അവശ്യ സേവനങ്ങള്‍ നല്‍കുന്നതും 24 മണിക്കൂറും പ്രവര്‍ത്തനം ആവശ്യമുള്ളതുമായ വ്യവസായങ്ങള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെയും  ടെലികോം/ഇന്റര്‍നെറ്റ് സേവന കമ്പനികളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍  ഈ ആവശ്യങ്ങൾക്ക് യാത്ര അനുവദിക്കും.
 ഐടി, ഐടി അനുബന്ധ കമ്പനികളിലെ അവശ്യ ജീവനക്കാര്‍ മാത്രമേ ഓഫീസില്‍  എത്താന്‍ പാടുള്ളു. ഇവർക്കും യാത്ര ചെയ്യാൻ തിരിച്ചറിയൽ കാർഡ് വേണം.അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍,  സഹായികള്‍, വാക്‌സിനേഷന്‍ നടത്താന്‍ പോകുന്നവര്‍ എന്നിവര്‍ക്കും  തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതി യാത്ര ചെയ്യാം.

ഭക്ഷ്യ വസ്തുക്കള്‍, പലവ്യഞ്ജനം, പഴങ്ങള്‍, പച്ചക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും, മല്‍സ്യം, മാംസം എന്നിവ വില്‍ക്കുന്ന പ്രാദേശിക കടകള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്  പ്രവര്‍ത്തിക്കാം. ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്റ്ററന്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവ ഹോം ഡെലിവറി, ടെയ്ക് എവേ എന്നിവയ്ക്ക് മാത്രമായി പ്രവര്‍ത്തിപ്പിക്കാം.

ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാനം എന്നിവ അനുവദനീയമാണ്. പൊതു ഗതാഗതം, ചരക്ക് ഗതാഗതം എന്നിവയ്ക്ക് തടസമില്ല. റെയില്‍വേ സ്റ്റേഷന്‍, ബസ് ടെര്‍മിനല്‍, ബസ് സ്റ്റാന്‍ഡ്/സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും ദീര്‍ഘദൂര യാത്രക്കാർക്ക്  സ്വകാര്യ/ടാക്‌സി വാഹനങ്ങള്‍  അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാ രേഖകള്‍ കരുതണം. കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന വിവാഹങ്ങള്‍, ഗൃഹ പ്രവേശം എന്നീ ചടങ്ങുകളില്‍ കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. സര്‍ക്കാര്‍ തലത്തില്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ യോഗങ്ങളും പരിശീലന പരിപാടികളും ഓണ്‍ലൈനായി നടത്തണമെന്നും കലക്ടര്‍ അറിയിച്ചു.

 

date