Skip to main content

കോവിഡ് പ്രതിരോധം : അട്ടപ്പാടി ഊരുകളില്‍ പട്ടികവര്‍ഗ വകുപ്പിന്റെ ദ്രുതകര്‍മസേന

 

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി അട്ടപ്പാടി ഊരുകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ സേന രൂപീകരിച്ചതായി ഐ.ടി. ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഊരുകളിലെ രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവരെ കണ്ടെത്തുക, പരിശോധനയ്ക്ക് വിധേയമാക്കുക, മരുന്നുകള്‍, ഭക്ഷ്യകിറ്റ് തുടങ്ങിയ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുക, പുറത്തു നിന്നുള്ളവര്‍ ഊരുകളില്‍ പ്രവേശിക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് ദ്രുതകര്‍മസേന രൂപീകരിച്ചിരിക്കുന്നത്.

എസ്.ടി. പ്രമോട്ടര്‍ /ആനിമേറ്റര്‍, അങ്കണവാടി വര്‍ക്കര്‍, ഊരുമൂപ്പന്‍ എന്നിവരുള്‍പ്പെടുന്ന ഊരുതല സേന, അതത് പഞ്ചായത്തിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ കോഡിനേറ്റര്‍മാരായും കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്ന ഓഫീസര്‍തല കര്‍മസേന, ഓരോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തലത്തിലേയും പ്രവര്‍ത്തനങ്ങളുടെ കോഡിനേഷന്‍ നിര്‍വഹിക്കുന്നതിനായി ബ്ലോക്ക് /താലൂക്ക്തല സേന എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായാണ് ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുക. അട്ടപ്പാടി മേഖലയിലെ 192 ഊരുകളും ദ്രുതകര്‍മ സേനാഗംങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കും.

ഊരുകളില്‍ ശാരീരിക അകലം പാലിക്കാനും, മാസ്‌ക് ധരിക്കാനും  ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് റേഷന്‍ എത്തിക്കുക, ഊരുകളില്‍ ശുചിത്വം ഉറപ്പാക്കുക, വ്യാജമദ്യം ഉണ്ടാക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും  വിവരങ്ങള്‍ അധികാരികള്‍ക്ക് കൈമാറുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ദ്രുതകര്‍മ സേന നേതൃത്വം നല്‍കും.

അടിയന്തിരമായി സജ്ജീകരിക്കുന്നത് 300 കിടക്കകള്‍

അട്ടപ്പാടി മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയുന്നതിനായി  അടിയന്തരമായി 300 കിടക്കകള്‍ സജ്ജമാക്കുന്നതായി സി.എഫ്.എല്‍.ടി.സി. നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. ഭൂതിവഴിയിലുള്ള ഐ.ടി.ഡി.പി. ഹോസ്റ്റലില്‍ 100 കിടക്കകള്‍, ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 100 കിടക്കകള്‍, പട്ടിമാളം എ.പി.ജെ. അബ്ദുല്‍ കലാം റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 100 എന്നിങ്ങനെ 300 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുന്നത്. അടുത്ത ദിവസങ്ങളില്‍  ഇവിടങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 30 കിടക്കകളോടെ അഗളി കിലയില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ രണ്ട് വെന്റിലേറ്ററുകളും 12 ഐ.സി.യു കിടക്കകളും സജ്ജമാണ്. കൂടാതെ രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഊരുകള്‍ സന്ദര്‍ശിച്ച് അത്യാവശ്യ മരുന്നുകള്‍ എത്തിക്കുന്നുണ്ട്.

അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യ കിറ്റ്

കോവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അരി, പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, വന്‍പയര്‍, കടല, പരിപ്പ്, കടുക്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഉപ്പ് , സോപ്പ് തുടങ്ങി 13 അവശ്യവസ്തുക്കള്‍  ഉള്‍പ്പെടുന്ന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖേനയാണ് കിറ്റുകള്‍ വിതരണം ചെയ്യുക. ആവശ്യമെങ്കില്‍ ഊരുകളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ  സേവനം ലഭ്യമാക്കാന്‍ ആലോചിക്കുന്നതായും പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
 

date