Skip to main content

അട്ടപ്പാടിയില്‍ കോവിഡ് വാക്സിനേഷന്‍ സജീവം: 45 ന് മേലുള്ള 77 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു

 

കോവിഡ് രോഗ പ്രതിരോധം ലക്ഷ്യമിട്ട് അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി നടക്കുന്നതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. ജൂണ്‍ നാല് വരെ ഊരുകളിലെ 45 വയസിന് മുകളിലുള്ള 77 ശതമാനം (7302) പേര്‍ക്കും ഇതിനോടകം വാക്സിന്‍ നല്‍കി കഴിഞ്ഞു. 18 വയസിന് മുകളിലുള്ളവരില്‍ എട്ട് ശതമാനം പേര്‍ക്ക് (1100) വാക്‌സിന്‍ എടുത്തതായും ഒരു മാസത്തിനകം ഊരുകളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആനവായ്, തുഡുക്കി, ഗലസി ഉള്‍പ്പടെയുള്ള ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍ പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ വനത്തിലൂടെ കിലോമീറ്ററുകള്‍ നടന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്സിനേഷന്‍ എടുപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അത് തുടരും. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ തൂവ, ഉറിയന്‍ചാള, മൂലഗംഗല്‍, വെള്ളക്കുളം, വെച്ചപ്പതി തുടങ്ങിയ വിദൂര ആദിവാസി ഊരുകളില്‍ പകല്‍ സമയം ഊരുനിവാസികള്‍ ആടുകളും പശുക്കളും മേയ്ക്കാന്‍ കാട് കയറി പോവുന്നതിനാല്‍ വൈകുന്നേരങ്ങളില്‍ ഊരുകളിലെത്തി ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.

ഊരുകളില്‍ കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ അഗളി സി.എച്ച്.സി.യിലെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി ആവശ്യമായ പരിചരണം നല്‍കുന്നുണ്ട്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സജ്ജമാക്കുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഊരുകളില്‍ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവരെ ഊരുമൂപ്പന്‍ മുഖേന ബോധവത്ക്കരണം നടത്തുന്നുണ്ട്. ആദ്യം ഊരുമൂപ്പന് വാക്സിന്‍ എടുത്ത് പ്രശ്നങ്ങളൊന്നുമില്ലെന്ന് ധരിപ്പിച്ച ശേഷമാണ് മറ്റുള്ളവരില്‍ വാക്സിന്‍ എടുക്കുന്നത്.

കോവിഡ് ചികിത്സയ്ക്ക് 692 കിടക്കകള്‍ സജ്ജം

അട്ടപ്പാടിയില്‍ മൂന്ന് മൂന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, ഒരു സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, അഞ്ച് ഡി.സി.സി, ഒരു കോവിഡ് ആശുപത്രി എന്നീ ചികിത്സാ കേന്ദ്രങ്ങളിലായി 692 കിടക്കകള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുണ്ട്. അഗളി ഭൂതിവഴിയില്‍ 60, ഷോളയൂരില്‍ 104, അഗളി പ്രീ-മെട്രിക് ഹോസ്റ്റലില്‍ 60 ഉള്‍പ്പെടെ 224 കിടക്കകളോടെ മൂന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും, അഗളി സി.എച്ച്.സിയില്‍ 20 കിടക്കകളോടെ ഒരു സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിനുപുറമേ, അഗളി കിലയില്‍ 80, പുതൂരില്‍ 75, ഷോളയൂര്‍ കല്ലാക്കര ഹോസ്റ്റലില്‍ 80, മുക്കാലി എം.ആര്‍.എസില്‍ 100, പുതൂര്‍ (രണ്ട്) 100 എന്നിങ്ങനെ 435 കിടക്കകളോടെ അഞ്ച് ഡൊമസിലറി കെയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഒമ്പത് ഓക്‌സിജന്‍ കിടക്കകള്‍, നാല് വെന്റിലേറ്റര്‍ ഉള്‍പ്പെടെ 13 കിടക്കകളോടെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതായും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ഐ.ടി.ഡി.പി. മുഖേന നല്‍കിയത് 2400 ഭക്ഷ്യ കിറ്റുകള്‍

കോവിഡ് കാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ ഭക്ഷ്യഭദ്രത ലക്ഷ്യമിട്ട് ഐ.ടി.ഡി.പി. മുഖേന 2400 ലധികം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ് കുമാര്‍ അറിയിച്ചു. മഴക്കാലത്ത് ഊരുകളില്‍ 13 തരം ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന കിറ്റുകള്‍ തയ്യാറാക്കി വരുന്നതായും 3500 ഓളം കിറ്റുകള്‍ ഊരുകളില്‍ വിതരണം ചെയ്യുമെന്നും പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് കണക്ഷന്‍ എത്താത്ത ഊരുകളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കും

അട്ടപ്പാടി മേഖലയില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത ഊരുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ വി.കെ.സുരേഷ്‌കുമാര്‍ അറിയിച്ചു. നിലവില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത 30 ഓളം ഊരുകളില്‍ എത്രയും വേഗം കണക്ഷന്‍ ഉറപ്പാക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കാത്ത ഊരുകളില്‍ ലാപ്‌ടോപ്പുകളില്‍ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് നേരിട്ട് വിദ്യാര്‍ഥികളില്‍ എത്തിക്കുന്ന മൊബൈല്‍ സ്‌കൂള്‍ പദ്ധതി ആരംഭിക്കാന്‍ ആലോചിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

date