Skip to main content
ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ മാലിന്യ സംസ്‌ക്കരണ പുരോഗതി അവലോകനയോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസാരിക്കുന്നു

ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

 

മാലിന്യങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പരിഗണിച്ചുള്ള ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലത്തിലെ മാലിന്യ സംസ്‌ക്കരണ പുരോഗതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലെയും അടുക്കള മാലിന്യങ്ങള്‍ ഭക്ഷ്യവസ്തുവാക്കി മാറ്റുന്നതിന് മീന്‍ വളര്‍ത്തല്‍ ആരംഭിക്കാനും പൊന്തക്കാടുകളിലെ സസ്യങ്ങളുടെ ഇലകളും തണ്ടുകളും വ്യാപകമായി ശേഖരിച്ച് കന്നുകാലികളുടെ ചാണകവും കൂട്ടിചേര്‍ത്ത് വെര്‍മി കംപോസ്റ്റ് ഉണ്ടാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ സംബന്ധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കുടുബശ്രീ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കണ്‍വീനറും ഹരിതകേരളം, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍മാര്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കോഡിനേറ്റര്‍ അംഗങ്ങളായും സബ് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശിച്ചു. പദ്ധതികള്‍ നടപ്പാക്കാന്‍ ഹരിതകേരളം മിഷന്‍ കോഡിനെറ്ററെ ചുമതലപ്പെടുത്തി. ഹരിതകര്‍മ്മ സേനയെ ഉപയോഗപ്പെടുത്തിയുള്ള വാതില്‍പ്പടി പാഴ്‌വസ്തു ശേഖരണം, അവ തരം തിരിച്ചുള്ള സംഭരണം, പുനര്‍ ചക്രമണം വഴിയുള്ള ഖരമാലിന്യ സംസ്‌ക്കരണത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇനിയും മുന്നേറുണ്ടെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. 

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ്, ചിറ്റൂര്‍- തത്തമംഗലം നഗരസഭാ അധ്യക്ഷ കവിത, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ, പെരുവെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ , നല്ലേപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ, പൊല്‍പ്പുള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാല ഗംഗാധരന്‍, ചിറ്റൂര്‍ ബ്ലോക്ക് ബി.ഡി.ഒ ഹമീദ് കുട്ടി, ചിറ്റൂര്‍- തത്തമംഗലം നഗരസഭാ സെക്രട്ടറി സുഗതകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കുടുബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. സെയ്തലവി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ബെന്നി ജോസഫ്, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അഭിജിത് എന്നിവര്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. 
 

date