Skip to main content

നൂറുദിന കര്‍മ്മ പരിപാടി  'പുനര്‍ഗേഹം' പദ്ധതിയില്‍ വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന്  

 

 

തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതിയില്‍ ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 14 വീടുകളുടെ താക്കോല്‍ ഇന്ന് (സെപ്റ്റംബര്‍ 16) വൈകീട്ട് നാലിന് വിവിധയിടങ്ങളിൽ നടക്കുന്ന ചടങ്ങിൽ ഗുണഭോക്താക്കള്‍ക്ക് കൈമാറും.  സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ 308 വീടുകളുടെയും 303 ഫ്ളാറ്റുകളുടെയും താക്കോല്‍ കൈമാറല്‍ ഉദ്ഘാടനം ചെയ്യുന്നതോടനുബന്ധിച്ച് ജില്ലയില്‍ നാലു വേദികളിലായാണ്  ചടങ്ങ് നടത്തുന്നത്.  

കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ നടത്തുന്ന പരിപാടിയില്‍ പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവന്‍ എംപി,  തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീനാ ഫിലിപ്പ് എന്നിവരും എലത്തൂര്‍ സി.എം.സി ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രനും കൊയിലാണ്ടിയില്‍ നടക്കുന്ന പരിപാടിയില്‍ കാനത്തില്‍ ജമീല എം.എല്‍.എയും വടകരയില്‍ നടക്കുന്ന പരിപാടിയില്‍ കെ.മുരളീധരന്‍ എംപി, കെ.കെ.രമ എം.എല്‍.എ തുടങ്ങയവരും പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനം നിമിത്തം എല്ലാ വര്‍ഷവും നിരന്തരമായ കടല്‍ ക്ഷോഭത്തിലും കടലാക്രമണത്തിലും പെട്ട് മത്സ്യത്തൊഴിലാളികളുടെ നൂറുകണക്കിന് സ്ഥാവരജംഗമ വസ്തുക്കള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് കേരള തീരത്ത് നിലവിലുള്ളത്.  'പുനര്‍ഗേഹം' പദ്ധതിയില്‍ ഒരു കുടുംബത്തിന് പരമാവധി 10 ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കുക. വീടും സ്ഥലവും ഒന്നിച്ച് വാങ്ങുന്നതിന് പകരമായി 10 ലക്ഷം രൂപയും സ്ഥലം വാങ്ങി വീട് നിര്‍മ്മിക്കുന്നതിന് സ്ഥലത്തിന് ആറു ലക്ഷം രൂപയും വീട് നിര്‍മ്മാണത്തിന് നാലു ലക്ഷം രൂപയും നല്‍കി വരുന്നു.  വീടും ഭൂമിയും ഒന്നിച്ചു വാങ്ങല്‍,  ഫ്‌ളാറ്റ് സമുച്ചയം, റസിഡന്റ് ഗ്രൂപ്പ് എന്നീ മൂന്നു രീതിയില്‍ പദ്ധതി നടപ്പിലാക്കി വരുന്നു.  

    കോഴിക്കോട് ജില്ലയില്‍ ചാലിയം മുതല്‍ അഴിയൂര്‍ വരെ  34 മത്സ്യഗ്രാമങ്ങളിലായി 2,609 കുടുംബങ്ങളാണ് 50 മീറ്ററിനുള്ളില്‍ താമസിച്ചു വരുന്നത്.  ഇതില്‍ ആദ്യഘട്ടത്തില്‍ 318 പേരാണ് മാറിത്താമസിക്കാന്‍ സന്നദ്ധത അറിയിച്ചത്.  ഇതില്‍ 17 പേര്‍ വീടും സ്ഥലവും ഒന്നിച്ചു കണ്ടെത്തുകയും  53 പേര്‍ സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല അപ്രൂവല്‍ കമ്മറ്റി ഇവ അംഗീകരിക്കുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

date