Skip to main content

ലൈഫ് മിഷന്‍:  ഭൂരഹിത, ഭവനരഹിത വിഭാഗത്തിന്റെ അര്‍ഹതാ പരിശോധന തുടങ്ങി

 

 

 

ലൈഫ് മിഷന്റെ ഭൂരഹിത, ഭവനരഹിത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അര്‍ഹതാ പരിശോധന ജില്ലയില്‍ തുടങ്ങി.  അപേക്ഷകളില്‍ അര്‍ഹതാ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കോഡിനേഷന്‍ കമ്മറ്റി യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. പരിശോധന സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  വീടില്ലാത്ത നിരവധി പേരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുളള ലിസ്റ്റ് കൂടിയാണിത്. അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് വളരെ കൃത്യമാവണം. അനര്‍ഹര്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും കലക്ടര്‍ പറഞ്ഞു.  ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം.  പരിശോധനയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം മേലുദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.

യോഗത്തില്‍ ലൈഫ്മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ സി.സെയ്ദ് നയിം, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date