Skip to main content

അതിദരിദ്ര സര്‍വേ: വാര്‍ഡ്തല സമിതികള്‍ക്ക് പരിശീലനം 20 മുതല്‍

 

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ വാര്‍ഡ്തല സമിതികള്‍ക്കുള്ള പരിശീലനം നവംബര്‍ 20 മുതല്‍ 30 വരെ നടക്കും. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 1490, മുനിസിപ്പാലിറ്റികളില്‍ 240 ഉള്‍പ്പെടെ 1730 സമിതികളാണുള്ളത്. വാര്‍ഡ് മെമ്പറാണ് സമിതിയുടെ അധ്യക്ഷന്‍, കണ്‍വീനര്‍ വാര്‍ഡ് ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനും, ജോയിന്റ് കണ്‍വീനര്‍ അംഗനവാടി വര്‍ക്കറുമാണ്.

ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ എ.ഡി.എസ് ചെയര്‍പേഴ്സണ്‍ / പ്രതിനിധി, തൊഴിലുറപ്പ് പദ്ധതി മേറ്റ്, എസ്.സി / എസ്.ടി പ്രൊമോട്ടര്‍, ആര്‍.ആര്‍.ടി കള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരും ഈ സമിതിയിലെ അംഗങ്ങളായിരിക്കും.
പ്രസ്തുത വാര്‍ഡുകളിലെ അതിദരിദ്രരെ കണ്ടെത്തി പ്രാഥമിക പട്ടിക തയ്യാറാക്കുന്നത് വാര്‍ഡ്തല സമിതിയുടെ പ്രധാന ചുമതതലയാണ്. കൂടാതെ വാര്‍ഡ്തല എന്യൂമറേറ്റര്‍ ടീമിനെ സര്‍വേ നടത്തിപ്പില്‍ സഹായിക്കുന്നതും അതിദരിദ്രര്‍ക്കു വേണ്ടിയുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കുന്നതും വാര്‍ഡ്തല സമിതികളാണ്.

ജില്ലയില്‍ ഡിസംബര്‍ 31 നകം അതിദരിദ്രരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്യൂമറേഷന്‍ ടീമിനെ കണ്ടെത്തുന്ന നടപടികള്‍ പഞ്ചായത്തുകളില്‍ പുരോഗമിക്കുന്നതായും നവംബര്‍ 25 നകം എന്യൂമറേഷന്‍ ടീമംഗങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്നും ജില്ലാ നോഡല്‍ ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

date