Skip to main content

'ജീവജ്യോതി' : ലോഗോ പ്രകാശനം ചെയ്തു

 

 

 

ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭഗമായുള്ള 'ജീവജ്യോതി'യുടെ ലോഗോ പ്രകാശനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു.  നിർധനരുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർണമായി ഏറ്റെടുക്കുന്നതിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ്  'ജീവജ്യോതി'.   കോഴിക്കോട് ജില്ലക്കാരായ സാമ്പത്തിക ശേഷി കുറഞ്ഞവരും മറ്റ് ഇൻഷുറൻസ് പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്തവരുമായ വൃക്ക രോഗികൾക്ക് അവയവ മാറ്റ ശസ്ത്രക്രിയക്കായി വരുന്ന ചെലവ് പൂർണ്ണമായും ജില്ലാ പഞ്ചായത്ത് വഹിക്കും. ദാതാവിനും സ്വീകർത്താവിനുമുള്ള ശസ്ത്രക്രിയാ സംബന്ധമായ ചെലവുകളും മറ്റ് ആശുപത്രി ചെലവുകളും ഇതിലുൾപ്പെടും. വൃക്ക ദാതാവിൻ്റേത് തുറന്ന ശസ്ത്രക്രിയയാണെങ്കിൽ 2,75,000  രൂപയും താക്കോൽദ്വാര ശസ്ത്രക്രിയയാണെങ്കിൽ 3,05,000  രൂപയുമാണ് ചെലവ് വരിക. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം അവർ കഴിക്കേണ്ട ജീവൻ രക്ഷാമരുന്നുകൾ  സ്നേഹസ്പർശത്തിലൂടെ സൗജന്യമായി നൽകുകയും ചെയ്യും.  

ഇൻഷുറൻസ് പരിരക്ഷ, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, റീ -  ഇമ്പേഴ്സ്മെൻ്റ് സൗകര്യം എന്നിവ ലഭിക്കാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായവർക്ക് വേണ്ടിയാണ്  പദ്ധതി. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള ചെലവുകളും അപ്രതീക്ഷിതമായ സങ്കീർണതകൾ ഉണ്ടാകുമ്പോഴുള്ള അധിക ചെലവുകളും ഈ പദ്ധതിയിൽ ഉൾപ്പെടില്ല.

ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു ബൃഹത്തായ ജീവകാരുണ്യ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനന്ദൻ, സ്ഥിരം സമിതി അംഗങ്ങളായ എൻ.എം.വിമല, വി.പി. ജമീല, കെ.വി.റീന, പി.സുരേന്ദ്രൻ, മെമ്പർമാരായ ഐ.പി.രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, സ്നേഹസ്പർശം ജോയിന്റ് കൺവീനർമാരായ ഡോ. ഇദ്രിസ്, ടി.എം.അബൂബക്കർ, ട്രഷറർ ബി.വി.ജഹഫർ, ഡോ. പി.സി. അൻവർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ റിപ്പോർട്ട് അവതരിപ്പിച്ചു.

date