Skip to main content

അറിയിപ്പുകള്‍

റേഷന്‍ കട അവധി

ഏപ്രില്‍ 1 വെള്ളിയാഴ്ച ഓള്‍ കേരള റീ-ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംഘടന അംഗങ്ങള്‍ പങ്കെടുക്കുന്നതിനാല്‍  ഈ  സംഘടനയില്‍പ്പെട്ട റേഷന്‍ കടകള്‍ അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കണ്‍വെന്‍ഷന്‍ നടത്തും

കുന്ദമംഗലം ബ്ലോക്കിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക്  ഏപ്രില്‍ ഒന്നിന് കണ്‍വെന്‍ഷന്‍ നടത്തും. മാവൂര്‍ പഞ്ചായത്തിലെ രാജീവ് ഗാന്ധി സെന്ററില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് കണ്‍വെന്‍ഷന്‍.  
കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ്  ബാബു നെല്ലുളി ഉദ്ഘാടനം ചെയ്യും. വര്‍ഷകാല പ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കല്‍, ട്രെയിനിംഗ് സെഷനുകള്‍, ഹരിതകര്‍മ്മസേന അംഗങ്ങളുടെ കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

ഐ.ടി ഡെമോ എന്‍ട്രികള്‍ ക്ഷണിച്ചു

മന്ത്രിസഭാ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനമേളയില്‍ ഐടി ഡെമോ ചെയ്യുന്നതിനായി ജില്ലയിലെ എന്‍ജിനീയറിങ് കോളേജുകളില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,  റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, സെക്യൂരിറ്റി ആപ്ലിക്കേഷന്‍സ് മേഖലകളില്‍ നിന്നുള്ള പ്രൊജക്ടുകള്‍ക്കാണ് അവസരം. സ്റ്റാള്‍ സ്പേസ് സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ക്ക് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം akshayakozhikode@gmail.com, dpmkzd.ksitm@kerala.gov.in എന്നീ മെയില്‍ ഐഡികളിലേക്ക് പ്രോജക്ടിന്റെ  വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷ ഏപ്രില്‍ 4-ന് മുമ്പായി അയക്കാം. ഫോണ്‍: 0495 2304775, 2964775

ഓംബുഡ്സ്മാന്‍ സിറ്റിംഗ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന്  കോഴിക്കോട് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ ഏപ്രില്‍ 6ന് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മുതല്‍ ഒരുമണി വരെയായിരിക്കും സിറ്റിംഗ്. പൊതുജനത്തിനും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് പരാതി നല്‍കാം.

അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്ക് മധ്യവേനലവധിക്കാലത്ത്
കുടുംബാന്തരീക്ഷം പ്രദാനം  ചെയ്യുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ഇമ്പം-2022 അവധിക്കാല ഫോസ്റ്റര്‍ കെയര്‍ പദ്ധതി. 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 10നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0495-2378920.

ബേപ്പൂര്‍ ഉത്തരവാദിത്ത ടൂറിസം ഡയറക്ടറി പ്രകാശനം

ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ടൂറിസം റിസോഴ്സ് ഡയറക്ടറി ഇ-ബുക്കിന്റെയും ഇ- ബ്രോഷറിന്റെയും പ്രകാശനം ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് ഫറോക്ക് പി വി  കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പദ്ധതിയുടെ ഭാഗമായി  നടത്തിയ വിവിധ പരിശീലന പരിപാടികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയവരുടെ സംയുക്ത യോഗത്തിന്റെ ഉദ്ഘാടനവും നടക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് അദ്ധ്യക്ഷനാകുന്ന പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സീനിയര്‍ റസിഡന്റ് ഡോക്ടര്‍ താത്കാലിക നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 11 മണിക്ക് ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: govtmedicalcollegekozhikode.ac.in,  ഫോണ്‍:  0495 2350216.

date