Skip to main content

അപ്നാ ഘര്‍ ഉദ്ഘാടനം നാളെ; മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടം നാടിന് സമര്‍പ്പിക്കും 

 

 

 

അതിഥി തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന കിനാലൂരിലെ അപ്നാ ഘര്‍ കെട്ടിടോദ്ഘാടനം പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ്  മന്ത്രി വി. ശിവന്‍കുട്ടി നാളെ (മേയ് ആറ്) നിര്‍വഹിക്കും. അതിഥി തൊഴിലാളികള്‍ക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അപ്നാ ഘര്‍ പദ്ധതിയുടെ ഭാഗമായുള്ള ഹോസ്റ്റലിന്റെ ഒന്നാംഘട്ട പ്രവൃത്തിയാണ് പൂര്‍ത്തിയായത്.

സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനുകീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ഞൂറോളം അതിഥി തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന രീതിയിലാണ് കെട്ടിടം തയ്യാറാക്കിയിട്ടുള്ളത്. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സി യുടെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിനുള്ളില്‍ ഒരേക്കര്‍ ഭൂമി ബി.എഫ്.കെ. പാട്ടത്തിന് എടുത്ത് 43,600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായാണ് ഹോസ്റ്റല്‍ സമുച്ചയം.

ഒന്നാം ഘട്ടത്തില്‍ 15,760 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലോബി ഏരിയ, വാര്‍ഡന്റെ മുറി, ഓഫീസ് മുറി, 180 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഭക്ഷണ മുറി, വര്‍ക്ക് ഏരിയ, സ്റ്റോര്‍ മുറി, അടുക്കള, ടോയിലറ്റ് ബ്ലോക്ക്, 100 കിടക്കകളോട് കൂടിയ കിടപ്പു മുറികള്‍, വിനോദ സൗകര്യങ്ങള്‍, പാര്‍ക്കിങ് സൗകര്യം, അഗ്‌നിബാധ പ്രതിരോധ സംവിധാനം, മഴവെള്ള സംഭരണി, ഡീസല്‍ ജനറേറ്റര്‍ എന്നിവയും 24 മണിക്കൂര്‍ സെക്യൂരിറ്റി സംവിധാനവുമുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. താഴത്തെ നില 7.76 കോടിരൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ കെ.എം. സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, തൊഴിലും നൈപുണ്യവും വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം എന്നിവര്‍ മുഖ്യാതിഥികളാവും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

date