Skip to main content

വടകരയിൽ ഓണം ഫെസ്റ്റിന്  തുടക്കമായി

ഓണം ഫെസ്റ്റ് വിപണനമേളയ്ക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭ, സഹകരണവകുപ്പ്, നബാഡ്, കുടുംബശ്രീ എന്നിവ സംയുക്തമായി ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. ഏഴ് വരെയാണ് മേള. സഹകരണ വകുപ്പിന്റെ പ്രദർശന വിപണന സ്റ്റാളുകൾ, കുടുംബശ്രീയുടെ തനത് ഉൽപന്ന സ്റ്റാളുകൾ, നബാർഡിന്റെ ഭാഗമായുള്ള ബനാന ഫെസ്റ്റ് എന്നിവ മേളയിലുണ്ട്.  വീടുകളിൽ നിന്നുണ്ടാക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ട്. ബി.ഇ.എം ഹൈസ്കൂൾ സമീപത്തെ പഴയ ബി.എഡ് സെന്റർ സ്ഥലത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 

 

നാളെ ( സെപ്റ്റംബർ 4) വൈകീട്ട് നാല് മണിക്ക് 'ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് തരിശുരഹിത നഗരസഭ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് കുടുംബശ്രീ, ആശാവർക്കർമാർ, ഹരിയാലി, അങ്കണവാടി പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറും. 

 

അഞ്ചിന് വൈകീട്ട് നാലുമണിക്ക് സഹകരണ ജീവനക്കാർ, നഗരസഭ ജീവനക്കാർ, കൗൺസിലർമാർ എന്നിവരുടെ കലാപരിപാടികളും  നാടൻപാട്ടുകളും നടക്കും. 

 

ആറിന് വൈകീട്ട് നാലുമണിക്ക് ബനാന ഫെസ്റ്റ്( വാഴയിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ)

എന്ന വിഷയത്തിൽ സെമിനാർ, തുടർന്ന് കളരി നഗരം അവതരിപ്പിക്കുന്ന കളരിപ്പയറ്റും  സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. 

 

സമാപനദിവസമായ ഏഴിന് രാവിലെ ബി ഇ എം സ്കൂളിൽ പൂക്കള മത്സരം നടക്കും. പത്തുമണിക്ക് കമ്പവലി തുടർന്ന് മറ്റ് വിവിധ കലാപരിപാടികൾ. പരിപാടി നടക്കുന്ന ദിവസം ബി എഡ് സെന്റർ  ഗ്രൗണ്ടിലെ പാർക്കിംഗ് കുലച്ചന്തയിലും നാഷണൽ ടൂറിസ്റ്റ് ഹോമിന് സമീപത്തെ സ്ഥലത്തേക്ക് ക്രമീകരിക്കും. 

 

മേളയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  കെ പി ബിന്ദു  നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ കെ കെ വനജ സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് നന്ദി അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  പി വിജയി,  സജീവ് കുമാർ, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

date