Skip to main content

ബാരിയർ ഫ്രീ പദ്ധതി: ആലോചനാ യോഗം ചേർന്നു

കോഴിക്കോട് ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ചചെയ്യുന്നതിനും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുമായി ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ആലോചനാ യോ​ഗം ചേർന്നു. ഭിന്നശേഷിക്കാർക്ക് തടസ്സരഹിത സഞ്ചാരസൗകര്യവും ഭൗതിക സാഹചര്യവും ഉറപ്പുവരുത്തുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ബാരിയർ ഫ്രീ പദ്ധതിയുടെ ലക്ഷ്യം. പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും തുടങ്ങി ജനങ്ങള്‍ക്ക് പ്രാപ്യമാവേണ്ടുന്നതും നിത്യവും ബന്ധപ്പെടേണ്ടുന്നതുമായ ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കുക വഴി ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്താനാകും. പദ്ധതിയെ കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രാഥമിക ഘട്ടമെന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ളവർക്കായി വർക്ക്ഷോപ്പ് നടത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിഡിസി നിർദേശിച്ചു.

 

നിലവിൽ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി നടത്തിവരുന്ന പദ്ധതികളെ കുറിച്ചുള്ള വിവിര ശേഖരണത്തിനായി ഓഡിറ്റ് നടത്താനും നിർദേശമുണ്ട്. സമൂഹത്തില്‍ ഏറെ പരിഗണന നല്‍കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാർ. അവരോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനായി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും യോ​ഗത്തിൽ ധാരണയായി.

 

എഡിഎം സി മുഹമ്മദ് റഫീക്ക്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ, സിആർസി ഡയറക്ടർ റോഷൻ ബിജലി, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

date