Skip to main content

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളാക്കുന്നു

അഴിയൂർ ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നു

 

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ അഴിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളാക്കുന്ന പ്രവർത്തനത്തിന് വാർഡ് 14 ൽ തുടക്കമായി. തീരദേശ വാർഡുകളിൽ നടപ്പാക്കുന്ന ‘എന്റെ തീരം ഹരിത തീരം' പദ്ധതിയുടെ ഭാഗമായാണ് പുതിയ ചുവടുവയ്പ്പ്.

 

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അടുത്തയാഴ്ച ചേരുന്ന കുടുംബശ്രീ അയൽക്കൂട്ട യോഗങ്ങളിൽ ഹരിത അയൽക്കൂട്ട പ്രവർത്തനം അജണ്ടയായി ചർച്ച ചെയ്യും. ഓരോ അയൽക്കൂട്ടത്തിലെയും എത്ര അംഗങ്ങളുടെ വീടുകളിൽ  ജൈവ മാലിന്യ സംസ്കരണ ഉപാധി സ്ഥാപിച്ചിട്ടുണ്ടെന്നും, എത്ര വീടുകൾ അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകി കൈമാറുന്നുവെന്നും പരിശോധിക്കും. അതോടൊപ്പം വീടുകളിലെ ജല സംരക്ഷണ പ്രവർത്തനങ്ങൾ, കൃഷി, മൃഗപരിപാലനം, ഹരിതചട്ടപാലനം  എന്നിവ കൂടി പരിശോധിക്കും. ജൈവ മാലിന്യ ഉപാധികൾ വെച്ചിട്ടില്ലാത്ത വീടുകളിൽ അവ സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കും. 

 

പദ്ധതിയുടെ ഭാഗമായി പരിശോധന പൂർത്തിയാക്കി ആദ്യ ഹരിതഅയൽക്കൂട്ടമായി പ്രഖ്യാപിക്കുന്ന അയൽക്കൂട്ടത്തിന് പുരസ്കാരം നൽകും. തീരദേശ വാർഡുകളെ സമ്പൂർണ മാലിന്യമുക്ത വാർഡാക്കുകയാണ് ഹരിതഅയൽക്കൂട്ടം എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.

 

പദ്ധതിയുമായി ബന്ധപ്പെട്ട് വാർഡ് 14 ലെ റൈറ്റ് ചോയ്സ്  സ്കൂളിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ ഷംന പി ഹരിത അയൽക്കൂട്ടം പ്രവർത്തനഘട്ടങ്ങളെ കുറിച്ച് വിശദീകരിച്ചു. സി ഡി എസ് മെമ്പർ  പ്രസന്ന, വാർഡിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ട പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

 

 

 

date