Skip to main content

പദ്ധതി നിർവ്വഹണം: ബ്ലോക്ക്‌തല അവലോകന യോ​ഗം ചേർന്നു

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 2022-23 ലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോ​ഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളുടെയും അവലോകന യോ​ഗമാണ് ചേർന്നത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തിട്ടുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. നിലവിലെ പദ്ധതി നിർവ്വഹണം, വരും വർഷത്തേക്കുള്ള പദ്ധതി ആസൂത്രണ പ്രക്രിയ എന്നിവയെ കുറിച്ച് യോ​ഗം ചർച്ച ചെയ്തു.

 

ബാലുശ്ശേരി, കോട്ടൂർ, കൂരാച്ചുണ്ട്, നടുവണ്ണൂർ, ഉണ്ണികുളം, പനങ്ങാട്, ഉള്ളിയേരി ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി പുരോഗതികൾ വിലയിരുത്തി. പഞ്ചായത്തുകളിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനമാണ് നടന്നത്.

 

പദ്ധതി നിർവ്വഹണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തു. 2023-24 ലെ വാർഷിക പദ്ധതിയുടെ രൂപീകരണ പ്രക്രിയകൾ ത്വരിതപ്പെടുത്താനുള്ള നിർദേശങ്ങളും നൽകി. ആസൂത്രണ സമിതി യോ​ഗത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് തലത്തിൽ അവലോകന യോ​ഗം ചേർന്നത്. 

 

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ജില്ലാ പഞ്ചായത്ത് അംഗം സി. എം ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ വി.ടി പ്രസാദ്, റിസർച്ച് ഓഫീസർ ഹസീജ റെഹ്മാൻ, അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർ ശ്രീകല എന്നിവരുടെ നേതൃത്വത്തിലാണ് ​അവലോകന യോഗം ചേർന്നത്. ബ്ലോക്ക്-​ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

date