Skip to main content

മാവൂരിൽ ഏകദിന കിസാൻ മേള  സംഘടിപ്പിച്ചു

 

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മാവൂരിൽ ഏകദിന കിസാൻ മേള സംഘടിപ്പിച്ചു. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ച മേള മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബാബു  നെല്ലൂളി ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയ്ക്ക് പുറമെ 
ശില്പശാല, ജൈവ കൃഷിയുടെ സാധ്യതകൾ, കാർഷിക യന്ത്രങ്ങളുടെ പ്രദർശനം, കരകൗശല വസ്തുക്കൾ,  കുടുംബശ്രീ ഉല്പന്നങ്ങൾ, നാടൻ രുചികളുടെ ഫുഡ് കോർട്ട് എന്നിവയും മേളയിൽ ഒരുക്കിയിരുന്നു. വ്യത്യസ്ത ഇനം വാഴ, കിഴങ്ങ് വർഗങ്ങൾ, നെൽവിത്തുകൾ, സുഗന്ധ വിളകൾ എന്നിവയുടെ പ്രദർശനം, പച്ചക്കറി വിത്തുകൾ, തൈകൾ, ജൈവ ഉൽപാദനോപാധികൾ,മൺചട്ടി, ജൈവ കീടനാശിനികൾ തുടങ്ങിയ ജൈവ കൃഷി ഉൽപന്നങ്ങൾ, മറ്റ് മൂല്യവർധിത ഉൽപന്നങ്ങൾ, കൂൺ കൃഷി, തേനീച്ച കൃഷി മുതലായവ പരിചയപ്പെടുത്തുന്ന 27 സ്റ്റാളുകളാണ് സജ്ജമാക്കിയത്. 

എ ജി മാർക്കോട് കൂടിയ ഉൽപന്നങ്ങളുടെ പ്രദർശനം, കർഷകരുടെ നാടൻ പച്ചക്കറികളുടെ വിപണനം എന്നിവയും മേളയിലുണ്ടായിരുന്നു. പി എം കിസാൻ ലാന്റ് വെരിഫിക്കേഷൻ സൗജന്യമായി ചെയ്യുന്നതിനും കാർഷിക ക്ലിനിക്ക്, കാർഷിക വെൽഫെയർ ബോർഡ് പെൻഷൻ സേവനങ്ങൾക്കും മേളയിൽ സൗകര്യം ഒരുക്കിയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, മാവൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, കുന്ദമംഗലം ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ പങ്കെടുത്തു

date