Skip to main content

ലോക ക്ഷയരോ​ഗ ദിനം ആചരിച്ചു 

 

ആരോ​ഗ്യ വകുപ്പിന്റെയും ജില്ലാ ക്ഷയരോ​ഗ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ക്ഷയരോ​ഗ ദിനാചരണം സംഘടിപ്പിച്ചു. 'അതേ, നമുക്ക് ക്ഷയരോ​ഗത്തെ തുടച്ചു നീക്കാം' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടി മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 2025-ഓടെ ക്ഷയരോ​ഗം രാജ്യത്തു നിന്ന് തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള ദൗത്യത്തിൽ എല്ലാ വിഭാ​ഗം ജനങ്ങളുടെയും പങ്കാളിത്തം അത്യാവശ്യമാണെന്ന് മേയർ പറഞ്ഞു. ആരോ​ഗ്യകരമായ ജീവിത രീതികൾ സ്വീകരിച്ച് ശരീരത്തിന്റെ രോ​ഗപ്രതിരോ​ധ ശേഷി വർധിപ്പിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയർ പറഞ്ഞു. 

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോ​ഗ്യം) ഡോ. എ.പി ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി സെന്റർ കൺസൾട്ടന്റ് ഡോ. ജലജാമണി ലോക ക്ഷയരോ​ഗ ദിന സന്ദേശവും പ്രതി‍ജ്ഞയും നൽകി. ജില്ലാ ടി.ബി കേന്ദ്രത്തിന് സംഭാവന ചെയ്ത ശുചിത്വ കിറ്റുകൾ ആരോ​ഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഡോ.എസ് ജയശ്രീ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സെക്രട്ടറി കെ.ദീപുവിൽ നിന്ന് ഏറ്റുവാങ്ങി. 

ജില്ലാ ടി.ബി ഓഫീസർ ഡോ. ടി.സി അനുരാധ, ഡിവിഷൻ കൗൺസിലർ ടി.റെനീഷ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ് മേധാവി ഡോ.കെ.പി സൂരജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം മോധാവി ഡോ. ഡി.അസ്മ റഹീം, ഐ.എം.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബി വേണു​ഗോപാലൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡന്റ് മിലി മോണി, ജില്ലാ ടിബി ഫോറം പ്രസിഡന്റ് ശശികുമാർ ചേളന്നൂർ, ജില്ലാ മാസ് മീഡിയ ഓഫീസർ കെ. മുഹമ്മദ് മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ ഭാ​ഗമായി ക്ഷയരോ​ഗ പ്രതിരോധത്തെ കുറിച്ച് പ്രശസ്ത മാന്ത്രികൻ രാജീവ് മേമുണ്ടയുടെ മാജിക് ഷോ, വിദ്യാർത്ഥികളുടെ സം​ഗീത ശില്പം, വീഡിയോ-പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. ജനപ്രതിനിധികൾ, ആരോ​ഗ്യപ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ സംഘങ്ങളിലും സ്വകാര്യ ആതുര സേവന മേഖലകളിലും പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date