Skip to main content

കയറ്റുമതി പ്രോത്സാഹന യജ്ഞം - ശില്പശാല സംഘടിപ്പിച്ചു

 
കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പും എ.പി.ഇ.ഡി.എയും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ജില്ലാ കൃഷി ഓഫീസർ സ്വപ്ന എസ് ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ, പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി, കർഷക ഗ്രൂപ്പുകൾ, സ്വാശ്രയ ഗ്രൂപ്പുകൾ തുടങ്ങി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉത്പന്നങ്ങൾ മൂല്യ വർധിതോത്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

'രാസ കീടനാശിനി പ്രയോഗം കൃഷിയിൽ', 'കോഴിക്കോട് ജില്ലയിലെ പ്രധാന വിളകളിലെ മൂല്യവർധിത സാധ്യതകളും കയറ്റുമതിയും','ജൈവകൃഷി, പ്രകൃതികൃഷി ഇവയുടെ കയറ്റുമതി സാധ്യതകൾ', 'കയറ്റുമതി മേഖലയിൽ എ.പി.ഇ.ഡി.എയുടെ ആവശ്യകത- പദ്ധതികൾ' എന്നീ വിഷയങ്ങളിൽ  ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് പ്രവീണ, റിട്ടയേർഡ് കൃഷി ഓഫീസറായ പി.കെ രാധാകൃഷ്ണൻ, വണ്ടൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ തോമസ്, എ.പി.ഇ.ഡി.എ ബിസിനസ്സ് ഡെവലപ്പ്മെൻ്റ് മാനേജർ മനീഷ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലയിലെ ബ്ലോക്കുകളിൽ നിന്നും തിരഞ്ഞെടുത്ത 50 ഫാർമേഴ്സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.  ശില്പശാലയുടെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട കയറ്റുമതി പ്രതിനിധികളുമായി കർഷക പ്രതിനിധികളുടെ മുഖാമുഖം പരിപാടിയും നടന്നു.

കല്ലായി റോഡിൽ വുഡിസ് ബ്ലൈഷർ ഹോട്ടലിൽ നടന്ന ശില്പശാലയിൽ എ.പി.ഇ.ഡി.എ ബിസിനസ് ഡെവലപ്മെൻറ് മാനേജർ മനീഷ എസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മാർക്കറ്റിംഗ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ അനിത പാലാരി സ്വാഗതവും ബേപ്പൂർ കൃഷി ഓഫീസർ രമ്യ എം നന്ദിയും പറഞ്ഞു.

date