Skip to main content

കാർഷിക മേഖലയ്ക്ക് ഉണർവേകി കുറ്റ്യാടി ജലസേചന പദ്ധതി

 

വേനൽ കാലത്ത്  ജില്ലയിലെ കർഷകർക്ക് തണലാവുകയാണ് കുറ്റ്യാടി ജലസേചന പദ്ധതി. കനാൽ വഴിയാണ് കൃഷിക്കാവശ്യമായ വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്നത്. രണ്ട് മെയിൻ കനാലും 10 ബ്രാഞ്ച് കനാലും ഡിസ്ട്രിബ്യൂട്ടറി കനാലുകളും ഫീൽഡ് ബോത്തി കനാലുകളുമടക്കം ആകെ 603 കിലോമീറ്റർ നീളമുള്ള കനാൽ ശൃംഖലകളിലായാണ് പദ്ധതിക്ക് കീഴിൽ ജലവിതരണം നടത്തുന്നത്.

പ്രോജക്ട് അഡ്വൈസറി കമ്മിറ്റി തീരുമാനപ്രകാരം ഫെബ്രുവരി മാസത്തിൽ തന്നെ കനാൽ വഴി കൃഷിക്കാവശ്യമായ ജലവിതരണം ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കൊയിലാണ്ടി താലൂക്കിലേക്കുള്ള ഇടതുകര കനാലാണ് തുറന്നത്. മാർച്ച് ആദ്യവാരം വടകര താലൂക്കിലേക്ക് വെള്ളമെത്തിക്കുന്ന വലതുകര കനാലും തുറന്നു. കർഷകരുടെ ആവശ്യപ്രകാരമാണ് കനാൽ വഴിയുള്ള ജലവിതരണം നടത്തുന്നത്. 

പെരുവണ്ണാമുഴി റിസർവോയർ അണക്കെട്ട് ബലപ്പെടുത്തുന്ന പ്രവൃത്തികൾ നടക്കുന്നതും 50 വർഷം പൂർത്തീകരിച്ച കനാലിന്റെ ഇന്നത്തെ അവസ്ഥയും ജലവിതരണത്തെ ബാധിക്കുമായിരുന്നെങ്കിലും അധികൃതരുടെ കൃത്യമായ ഇടപെടൽ ജലവിതരണം സു​ഗമമാക്കി. ഡാമിന്റെ നവീകരണ പ്രവൃത്തി ന‌ടക്കുന്നതിനാൽ  സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. കർഷകർക്ക് ആവശ്യമായ സമയങ്ങളിൽ വെള്ളമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്.  കാർഷിക ആവശ്യങ്ങൾക്ക് അല്ലാതെ കുടിവെള്ളം എത്തിക്കാനുള്ള വഴി കൂടിയായി ഇതിനെ ജനങ്ങൾ കാണുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

മേപ്പയൂർ പാടത്ത് വെള്ളം എത്തിക്കുന്ന നടുവത്തൂർ ബ്രാഞ്ച് കനാലിൽ ആദ്യഘട്ടമായ മാർച്ച് രണ്ട്  മുതൽ 13  വരെ ജലവിതരണം നടത്തിയിരുന്നു. നൊച്ചാട് പാടത്ത് വെള്ളം എത്തിക്കുന്നതിനായി നൊച്ചാട് ഡിസ്ട്രിബ്യൂട്ടറി കനാലിലൂടെ ആദ്യഘട്ടത്തിൽ ജലവിതരണം ചെയ്തിരുന്നു. മാർച്ച് 24-ന്  രണ്ടാംഘട്ട  ജലവിതരണത്തിനായി ഇവിടം തുറന്നിട്ടുണ്ട്.

വടകര താലൂക്കിൽ ഉൾപ്പെടുന്ന വിവിധ പാടശേഖരങ്ങളിൽ വെള്ളം എത്തിക്കുന്നതിനായി മാർച്ച് മാസത്തിൽ കനാൽ തുറന്നിരുന്നു. മണിയൂർ, എളമ്പിലാട്, ചെരണ്ടത്തൂർ പാടശേഖരങ്ങളിൽ വെള്ളം എത്തിച്ചേരുന്ന മണിയൂർ ബ്രാഞ്ച് കനാൽ, മണിയൂർ ഡിസ്ട്രിബ്യൂട്ടറി, ചെരണ്ടത്തൂർ ഡിസ്ട്രിബ്യൂട്ടറി  എന്നീ കനാലുകളിലൂടെയാണ് മാർച്ച് 11 മുതൽ  22 വരെ ജലവിതരണം നടത്തിയത്.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മുയിപ്പോത്ത്, കുരുവോട് ചിറ പാടശേഖരത്തിൽ വെള്ളം എത്തിക്കുന്ന ചെറുവണ്ണൂർ മുയിപ്പോത്ത് ഡിസ്ട്രിബ്യൂട്ടറി കനാൽ മാർച്ച് ആറ് മുതൽ 13 വരെ ജലം വിതരണം ചെയ്തിരുന്നു. കായണ്ണ പഞ്ചായത്തിലെ കുറ്റിവയൽ, ചെറുക്കാട് പ്രദേശത്ത് വെള്ളം എത്തിക്കുന്നതിനായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ ശൃംഖല വഴി കനാൽ സൗകര്യം ഇപ്പോൾ നിലവിലില്ലാത്തതിനാൽ വെള്ളം എത്തിക്കുന്നത് പ്രതിസന്ധി തീർക്കുന്നു. 

വലതുകര, ഇടതുകര കനാലുകളും കക്കോടി ബ്രാഞ്ചുമാണ് പദ്ധതിക്ക് കീഴിലുള്ളത്. ഇത് വഴിയാണ് വേനലിലും കർഷകർക്ക് വെള്ളമെത്തിക്കുന്നത്. കനാലുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന് നിയന്ത്രണമുള്ളതിനാൽ എല്ലാ കനാലുകളിലും ഒന്നിച്ച് ജലവിതരണം നടത്തുന്നതിനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ലന്ന് കുറ്റ്യാടി ജലസേചന പദ്ധതിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ  അറിയിച്ചു.

date