Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന് 7 ദിവസത്തില്‍ 40.63 ലക്ഷം വരുമാനം

 

പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന് 40,63,011 രൂപ വരുമാനം ലഭിച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. 75 സ്റ്റാളുകളില്‍ നിന്നായാണ് ഇത്രയും തുക ലഭിച്ചത്. കഴിഞ്ഞവര്‍ഷം 23 ലക്ഷം രൂപയായിരുന്ന വരുമാനമാണ് ഇത്തവണ ഇരട്ടിയോളമായത്. ഭക്ഷ്യോത്പ്പന്നങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, ഇലക്ട്രോണിക്-കരകൗശല-മുള ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, കാര്‍ഷിക ആയുധങ്ങള്‍, യന്ത്ര സാമഗ്രികള്‍, പരമ്പരാഗത വ്യവസായ ഉത്പന്നങ്ങളായ കൈത്തറി, ഖാദി, മണ്‍പാത്രങ്ങള്‍, അച്ചാറുകള്‍, പഴച്ചാറുകള്‍ തുടങ്ങിയ 75 സ്റ്റാളുകളില്‍ നിന്നുമായാണ് ഇത്രയും തുക ലഭിച്ചത്. ഇതിന് പുറമെ ഉത്പന്ന, സേവന സ്റ്റാളുകളില്‍ പദ്ധതികളുമായി ബന്ധപ്പെട്ട 4637 അന്വേഷണങ്ങളും ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റില്‍ 42 ഉപഭോക്താക്കള്‍ക്ക് വ്യാപാരികളുമായി സംവദിക്കുവാനും ബിസിനസ് ചര്‍ച്ചയില്‍ ഏര്‍പ്പെടാനും അവസരമുണ്ടായി. ജില്ലാ വ്യവസായ കേന്ദ്രം മുഖേനയുള്ള സംരംഭക സഹായങ്ങളും സ്റ്റാളില്‍ നല്‍കിയിരുന്നു. മേളയില്‍ ഒരേ സമയം പത്തില്‍ കൂടുതല്‍ വ്യാപാരികളുമായി സംവദിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച ഉപഭോക്താക്കള്‍ക്കായി മറ്റൊരു ബി2ബി മീറ്റ് പ്രത്യേകം സംഘടിപ്പിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

date