Skip to main content
ആധുനിക വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യക്കുള്ളത് വലിയ പ്രാധാന്യം - മന്ത്രി വി.ശിവൻകുട്ടി

ആധുനിക വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യക്കുള്ളത് വലിയ പ്രാധാന്യം - മന്ത്രി വി.ശിവൻകുട്ടി

 

അവിടനല്ലൂർ എൻ എൻ കക്കാട് എസ്.ജി.എച്ച്.എസ്.എസ്സിൽ ടിങ്കറിംഗ് ലാബ്  ഉദ്ഘാടനം ചെയ്തു 

ആധുനിക വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യക്കുള്ളത് വലിയ പ്രാധാന്യമാണെന്ന് പൊതു വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അവിടനല്ലൂർ എൻ എൻ കക്കാട് എസ്. ജി. എച്ച്. എസ്. എസ്സിൽ സജ്ജമാക്കിയ ടിങ്കറിംഗ് ലാബ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തിനൊപ്പം കുട്ടികളുടെ കലാ-കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധ പുലർത്തണം. വിദ്യാർത്ഥികളും  അധ്യാപകരും  രക്ഷകർത്താക്കളും സാങ്കേതിക സാക്ഷരത നേടേണ്ടതുണ്ട്. കോവിഡ് മഹാമാരിക്കാലം ടെക്നോളജിയുമായി വിദ്യാഭ്യാസത്തെ ചേർത്തു നിർത്തുന്നതിൽ സഹായിച്ചു. ലോകത്ത് എവിടെ ഇരുന്നും വിദ്യാഭ്യാസം നേടാനുള്ള പ്രാപ്തി വിദ്യാർത്ഥികൾക്ക് കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാർത്ഥികൾക്ക് നൂതന പഠനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് വിദ്യാലയത്തിൽ ടിങ്കറിംഗ് ലാബ് സജ്ജമാക്കിയത്. സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പൂർത്തീകരിച്ച ടിങ്കറിംഗ് ലാബ് നവീനപാഠങ്ങൾക്കുള്ള വിശാലമായ സാധ്യതകളാണ് കുട്ടികളുടെ മുന്നിൽ തുറന്നിടുന്നത്.  കമ്പ്യൂട്ടേഷണൽ കഴിവുകൾ, അഡാപ്റ്റീവ് ലേർണിങ്, പ്രശ്നപരിഹാരം, ദ്രുതഗണിത വിശകലനം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തുന്നതിനും അവ സമൂഹനന്മക്കായി പ്രയോജനപ്പെടുത്തുന്നതിനും ടിങ്കറിംഗ് ലാബുകൾ സഹായകമാവുന്നു. കോഡിങ്, ത്രീഡി പ്രിന്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയവയും ടിങ്കറിംഗ് ലാബിന്റെ ഭാഗമാണ്.

കെ.എം സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ. കെ അബ്ദുൾ ഹക്കീം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വിലാസിനി എം.കെ, സ്ഥിരംസമിതി അധ്യക്ഷന്മാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ഷാജി തച്ചയിൽ സ്വാഗതവും പ്രിൻസിപ്പൽ ടി.കെ ഗോപി നന്ദിയും പറഞ്ഞു.

date