Skip to main content

തോരായി കടവിൽ പാലം വരുന്നു

 

കൊയിലാണ്ടി നിയോജക മണ്ഡലത്തെയും ബാലുശ്ശേരി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന തോരായി കടവിൽ പാലം വരുന്നു. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു തോരായി കടവ് പാലം

പാലം വരുന്നതോടെ അത്തോളി, ബാലുശ്ശേരി നിന്നും നേരിട്ട് പൂക്കാട് എത്താൻ സാധിക്കും. പൂക്കാട്, കാത്തിലശ്ശേരി, തോരായിക്കടവ് ഭാഗത്തേക്ക് റോഡ് നിലവിലുണ്ടെങ്കിലും പാലം വരുന്നതോടെ കൂടുതൽ ബസ് സർവ്വീസുകൾ ആരംഭിക്കുമെന്നാണ്  പ്രതീക്ഷ.

കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയിലേക്കും തിരിച്ച് ദേശീയ പാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പാലം വരുന്നതോടെ കഴിയും. നിലവിൽ കടത്തു തോണി മാത്രമാണ് തോരായി കടവ് കടക്കാൻ ആശ്രയം. പാലം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയിലും ഉണർവ്വുണ്ടാകും. പ്രധാന ടൂറിസം കേന്ദ്രമായ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് എത്തിച്ചേരൽ എളുപ്പമാകും.

അകലാപ്പുഴയ്ക്ക് കുറുകേ ചേമഞ്ചേരി അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ  പ്രവൃത്തി ഈ മാസം അവസാനത്തോടെ ആരംഭിക്കും. 23.82 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണ് പാലം നിർമ്മാണം. 265 മീറ്റർ നീളം 
11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക.

ദേശീയ ജലപാതയ്ക്ക്  കുറുകെയായതിനാൽ പാലത്തിന്റെ നടുവിലായി ജലയാനങ്ങൾക്ക് കടന്നുപോകാൻ 55 മീറ്റർ നീളത്തിലും ജലവിതാനത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിലുമായി ബോ സ്ട്രിങ് ആർച്ച് രൂപത്തിലാണ് രൂപകൽപന.18 മാസമാണ് പാലത്തിന്റെ നിർമ്മാണ കാലയളവ്. മഞ്ചേരി ആസ്ഥാനമായുള്ള പി എം ആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയിട്ടുള്ളത്. കേരള പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പി എം യു യൂണിറ്റിനാണ് നിർമ്മാണത്തിന്റെ  മേൽനോട്ട ചുമതല.

പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം  ജൂലൈ 31 ന് വൈകീട്ട് 3 മണിക്ക് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിവഹിക്കുമെന്ന് കാനത്തിൽ ജമീല എം എൽ എ അറിയിച്ചു.

date