Skip to main content

സംരംഭകത്വത്തിൽ വിജയഗാഥയുമായി ചങ്ങരോത്ത് സ്വദേശിനി

 

സംരംഭകയായി വിജയഗാഥ രചിച്ചിരിക്കുകയാണ് ചങ്ങരോത്ത് സ്വദേശിനി ഷീന പി.പി. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനത ഫ്ലോർ മില്ലിലൂടെയാണ് തന്റെ സ്വപ്നങ്ങൾ ഷീന നെയ്യ്തെടുക്കുന്നത്. 

ചങ്ങരോത്ത് മുതുവണ്ണാച്ചയിൽ 2022 ജൂലൈ 24ന് ആണ് ജനത ഫ്ലോർ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അരിയും മസാലകളും പൊടിച്ച് നൽകുകയായിരുന്നു. ഇപ്പോൾ മസാല പൊടികളുടെ വിൽപനയുമുണ്ട്. പുറത്തു നിന്നും ആളുകൾ മഞ്ഞൾ, മുളക്, മല്ലി ഉൾപ്പെടെയുള്ള മസാലകൾ തേടി വരാറുണ്ടെന്ന് ഷീന പറഞ്ഞു. അടുത്തുള്ള മുതുവണ്ണാച്ച ജി.എൽ.പി സ്കുളിലേക്ക് ആവശ്യമായ മസാലകൾ ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നതെന്നും അവർ പറഞ്ഞു.

ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ്‌ നടപ്പാക്കിയ പദ്ധതിയാണ് സംരംഭക വർഷം. ഇതിന്റെ ഭാ​ഗമായി നടത്തിയ ജനറൽ ഓറിയന്റേഷൻ ട്രെയിനിംഗിലൂടെയാണ് സംരംഭങ്ങൾ തുടങ്ങുന്നതിനായി സർക്കാർ സാമ്പത്തിക സഹായം നൽകുന്ന വിവരം ഷീന അറിയുന്നത്. തുടർന്ന് മകൻ അമലാണ് അമ്മയ്ക്കായി സംരംഭക വർഷ പദ്ധതിയിലൂടെ ഫ്ലോർ മിൽ തുടങ്ങുന്നത്. 

നേരത്തെ മറ്റു കടകളിലാണ് ഷീന ജോലി ചെയ്തിരുന്നത്. സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന ആഗ്രഹമാണ് ഫ്ലോർ മിൽ തുടങ്ങുന്നതിലേക്ക് നയിച്ചത്. തന്റെ സംരംഭക സ്വപ്നത്തോടൊപ്പം മറ്റൊരു വനിതയ്ക്കും ജോലി നൽകാനായതിന്റെ സംതൃപ്തിയിലാണ് ഷീന.

date