Skip to main content

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000 ത്തിലധികം വനിതകൾ പുതിയ സംരംഭങ്ങൾ ആരംഭിച്ചു - മന്ത്രി  മുഹമ്മദ് റിയാസ്‌

 

സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000ത്തിലധികം വനിതകളാണ് കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്‌. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ബീച്ചില്‍ സംഘടിപ്പിച്ച വനിതാ സംരംഭക പ്രദര്‍ശന വിപണന മേള 'എസ്‌കലേറ' യുടെ സമാപന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംരംഭക സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീ സംരംഭകത്വ വിപ്ലവത്തിന്റെ പാതയിലാണ് കേരളം. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ സമൂലമായ സംഭാവനകൾ നൽകാനുതകുന്ന തരത്തിലേക്ക് സംരംഭക മേഖലയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

വനിതാ സംരംഭകർക്കായി വനിതാ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രൊജക്ട് കൺസൾട്ടൻസി സ്ത്രീ മുന്നേറ്റത്തിന്റെ പുതിയ തുടക്കമാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാനത്ത് സ്ത്രീ സംരംഭകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് അത്ഭുതപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിനിമാ താരം നിർമ്മൽ പാലാഴി മുഖ്യാതിഥിയായി.

ഏഴ് ദിവസം നീണ്ടുനിന്ന മേളയിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഇരുനൂറോളം വനിതാ സംരംഭകരാണ് പങ്കെടുത്തത്. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സ്ത്രീ സംരംഭകർക്കായി സംഘടിപ്പിച്ചു. കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു മേള. കനറാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കുടുംബശ്രീ, എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്, നബാർഡ്, ശുചിത്വ മിഷൻ എന്നിവരായിരുന്നു മേളയുടെ മുഖ്യ സ്പേൺസർമാർ.

വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർമാരായ ടി.വി അനിത, ഷീബ ലിയോൺ, വി.കെ പ്രകാശിനി എന്നിവർ സംസാരിച്ചു. വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി സ്വാഗതവും കോഴിക്കോട് മേഖലാ മാനേജർ ഫൈസൽ മുനീർ നന്ദിയും പറഞ്ഞു.  തുടർന്ന് രാഗവല്ലി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും അരങ്ങേറി.

date