Skip to main content

എല്ലാവര്‍ക്കും സന്തോഷകരമാകും വിധം ഓണാഘോഷം മാറിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന രീതിയില്‍ കേരളത്തിലെ ഓണാഘോഷം മാറിയെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള  കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പഴമക്കാര്‍ കാണം വിറ്റും ഓണം  ഉണ്ണണമെന്ന് പറയുമെങ്കിലും ഇന്ന് കാണം വില്‍കാതെ തന്നെ ഓണം ഉണ്ണാന്‍ സാധിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് റേഷന്‍ കടകള്‍ മുഖേന കിറ്റുകള്‍ നല്‍കിയും സര്‍ക്കാരിന്റെ ഇടപെടലിലൂടെ വിലക്കയറ്റമില്ലാതെ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികറികളും ലഭ്യമാക്കാന്‍ സാധിക്കുന്നതായും മന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഖ സി അധ്യക്ഷത വഹിച്ചു.

ഓണാഘോഷ പരിപാടിയുടെ ഭാഗമായി മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്തില്‍ മാനാഞ്ചിറയില്‍ കമ്പവലി മത്സരം സംഘടിപ്പിച്ചു. സെലിബ്രറ്റി പ്രദര്‍ശന മത്സരത്തില്‍ മൂന്നു ടീമുകളും  പ്രൊഫഷണല്‍ കമ്പവലി മത്സരത്തില്‍ എട്ടു ടീമുകളും മത്സരിച്ചു. സെലിബ്രറ്റി പ്രദര്‍ശന മത്സരത്തില്‍ പോലീസ് ഒന്നാം സ്ഥാനവും പ്രസ് ക്ലബ് രണ്ടാം സ്ഥാനവും നേടി. പ്രൊഫഷണല്‍ കമ്പവലി മത്സരത്തില്‍ ന്യു ഫ്രണ്ട്സ് നൂറാംതോട്  ഒന്നാം സ്ഥാനവും യങ്‌സ്റ്റർ കാവുംപൊയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പോഗ്രാം കോർഡിനേറ്റര്‍ ജയദീപ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് ജോണ്‍,  സ്വാതന്ത്രസമരസേനാനി പി.വാസു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാര്‍ഷല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷൈജു സ്വാഗതവും കമ്മിറ്റി വൈസ് ചെയര്‍മാന്‍ എ മൂസ ഹാജി നന്ദിയും പറഞ്ഞു.

date