Skip to main content

'പൊന്നോണം 2023': ഓണനാളുകളെ ആഘോഷമാക്കാൻ കോഴിക്കോട്  

 

ഓണനാളുകളെ ആഘോഷമാക്കാനൊരുങ്ങി കോഴിക്കോട്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി  സെപ്റ്റംബര്‍ മൂന്ന് വരെ വിപുലമായ പരിപാടികളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. നഗരത്തിന്റെ വീഥികളിലെങ്ങും ദീപാലങ്കാരങ്ങള്‍ ഒരുക്കിയാണ് സമൃദ്ധിയുടെ ദേശീയോത്സവത്തെ കോഴിക്കോട് വരവേല്‍ക്കുന്നത്‌. 

ഓണംവാരാഘോഷം മനോഹരമാക്കുന്നതിന്റെ ഭാഗമായി  സെപ്റ്റംബര്‍ 1,2,3 തിയ്യതികളില്‍ വിവിധ ഇടങ്ങളിലായി ഏഴ്‌ വേദികളില്‍ പ്രമുഖര്‍ അണിനിരക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയർ, ബേപ്പൂർ മിനി സ്റ്റേഡിയം, ഭട്ട് റോഡ്, കുറ്റിച്ചിറ, തളി, മാനാഞ്ചിറ മൈതാനം, ടൗൺഹാൾ എന്നിവിടങ്ങളിലായാണ് പരിപാടികൾ നടക്കുക. 

ഓണാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബർ ഒന്നിന് വൈകിട്ട്‌ ആറ് മണിക്ക്‌  ബീച്ച്‌ ഫ്രീഡം സ്ക്വയറില്‍  പൊതുമരാമത്ത്‌ ടൂറിസം വകുപ്പ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിര്‍വഹിക്കും. പ്രശസ്ത ചലച്ചിത്ര താരങ്ങളായ  ജയറാം, റീമ കല്ലിങ്കൽ ഉൾപ്പെടെ ചലച്ചിത്ര താരങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

സെപ്റ്റംബർ ഒന്നിന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ  ചെമ്മീൻ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ചലച്ചിത്ര താരം റിമ കല്ലിങ്കലിന്റെ നൃത്ത പരിപാടിയും അരങ്ങേറും. ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ വൈകീട്ട് ആറ് മണിക്ക് രാകേഷ് ബഹ്മാനന്ദൻ നേതൃത്വം നൽകുന്ന സംഗീത വിരുന്നും നടക്കും. സെപ്റ്റംബർ രണ്ടിന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചിൽ നരേഷ് ഐയ്യരുടെ സംഗീത സന്ധ്യയും ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ രഞ്ജിനി ജോസും സുനിലും നേതൃത്വം നൽകുന്ന കലാപരിപാടിയും അരങ്ങേറും. കുറ്റിച്ചിറയിൽ സെപ്റ്റംബർ രണ്ടിന് വൈകീട്ട് ആറ് മണിക്ക് ഓണാഘോഷങ്ങളുടെ ഭാഗമായി സരീദ റഹ്മാന്റെ ഗസൽ സന്ധ്യയും ഭട്ട് റോഡിൽ aപ്രയാൺ സംഗീത ബാൻഡിന്റെ കലാപ്രകടനങ്ങളും നടക്കും. അന്നേ ദിവസം തളിയിൽ വൈകീട്ട് അഞ്ചിന് ഡോ. സുമ ആർ വിയുടെ  വീണ ഫ്യൂഷൻ പ്രകടനവും തുടർന്ന് എസ് ജെ ജനനിയുടെ ക്ലാസ്സിക്കൽ സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. 

ഓണാഘോഷങ്ങളുടെ സമാപന ദിവസമായ സെപ്റ്റംബർ മൂന്നിന് വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചിൽ പ്രശസ്ത ചലച്ചിത്ര ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. അന്നേ ദിവസം വൈകീട്ട് ആറിന് ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ കനൽ ബാൻഡിന്റെ സംഗീത നിശയും കുറ്റിച്ചിറയിൽ ഗായിക ചിത്രയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ചിത്ര @ 60 ഗാനസന്ധ്യയും നടക്കും. സെപ്റ്റംബർ മൂന്നിന് വൈകീട്ട് ആറിന് ഭട്ട് റോഡിൽ സമീർ ബെൻസിയുടെ ഖവാലിയും, ആനന്ദരാവും നടക്കും. തളിയിൽ വൈകിട്ട് 6 മണിക്ക് വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടവും അരങ്ങേറും. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെ മാനാഞ്ചിറയിൽ നാടൻ കലാപരിപാടികളും അഗസ്റ്റ് 31 മുതൽ സെപ്റ്റംബർ മൂന്ന് വരെ ടൗൺ ഹാളിൽ നാടകോത്സവത്തിന്റെ ഭാഗമായി വിവിധ നാടകങ്ങളും അരങ്ങേറും.

date