Skip to main content

"ഗാന്ധിപഥം തേടി" വിദ്യാർത്ഥികൾ : യാത്രയ്ക്ക് നാളെ തുടക്കമാകും

 

ഗാന്ധിജിയുടെ പാദസ്പർശമേറ്റ് സമരപുളകിതമായ കോഴിക്കോടിന്റെ മണ്ണിൽ നിന്നും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായ് ഒരുക്കുന്ന"ഗാന്ധി പഥം തേടി" യാത്രയ്ക്ക് നാളെ(ആഗസ്റ്റ് 30 )തുടക്കമാവും. യാത്രാ സംഘത്തിന് കോഴിക്കോടൻ പൗരാവലിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത്  ഫ്രീഡം സ്ക്വയറിൽ നിന്ന് നാളെ വൈകീട്ട് 6 മണിക്ക് യാത്രയയപ്പ് നൽകും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് യാത്രയയപ്പ് ഉദ്ഘാടനം നിർവഹിക്കും. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയാവും.

ചടങ്ങിൽ എം പിമാരായ എം.കെ രാഘവൻ, കെ മുരളീധരൻ, ജില്ലയിലെ എം എൽ എ മാർ, കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻ എം എൽ എ യും പൗരസ്വീകരണ സമിതി സംഘാടകനുമായ എ പ്രദീപ് കുമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,  വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ജില്ലയിലെ 82 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ യാത്രയിൽ പങ്കെടുക്കും.  എട്ട് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളാണ്  യാത്രയിൽ പങ്കെടുക്കുക. സംഘത്തിൽ 31 പെൺകുട്ടികളും 12 അധ്യാപകരും ഉൾപ്പെടുന്നു. ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് ഒരു കുട്ടിയാണ് യാത്രയുടെ ഭാഗമാവുക. കുട്ടികൾക്കൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സ്ഥിരം സമിതി അധ്യക്ഷന്മാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഗാന്ധിജിയുടെ ജീവിതം സമര വഴികളിലൂടെയുള്ള യാത്രയിൽ പങ്കാളികളാവും.

110 പേരടങ്ങുന്ന സംഘം പോർബന്തറിൽ എത്തി ഗാന്ധിജിയുടെ ജന്മസ്ഥലവും സബർമതിയും സന്ദർശിക്കും. ആശ്രമത്തിൽ ഗാന്ധിയുടെ ജീവിതം ആധാരമാക്കി തയ്യാറാക്കിയ നൃത്തശില്പങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിക്കും. തുടർന്ന് അഹമ്മദാബാദിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ കുട്ടികളുമായി ചേർന്ന് സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. അടുത്ത ദിനങ്ങളിലായി ഗുജറാത്ത് സെക്രട്ടേറിയേറ്റും ഗിർവനവും സന്ദർശിക്കും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകർന്ന സമര കേന്ദ്രമായ ദണ്ഡിയിൽ ഒരു കിലോമീറ്ററോളം പദയാത്ര നടത്തി കടപ്പുറത്ത് പ്രതീകാത്മകമായി ഉപ്പു കുറുക്കും. തുടർന്ന് സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സന്ദർശിക്കും. ശേഷം ഡൽഹിയിൽ എത്തി രാജ്ഘട്ടും ഗാന്ധി മ്യൂസിയവും ഭരണ സിരാകേന്ദ്രങ്ങളും സന്ദർശിക്കും. ബിർളമന്ദിറിൽ ഒരു ദിവസം ഉപവാസമിരിക്കുന്ന വിദ്യാർത്ഥി സംഘം ഗാന്ധി സ്മൃതികളും ഗാനാലാപനവും നടത്തിയാണ് യാത്ര അവസാനിപ്പിക്കുക. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ബൃഹത്തായ പഠന പോഷണ യാത്രയാണ് 'ഗാന്ധി പഥം തേടി'. പോർബന്തർ, അഹമ്മദാബാദ്, ഡൽഹി, ആഗ്ര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും. സെപ്റ്റംബർ 12 ന് സംഘം യാത്ര കഴിഞ്ഞ് തിരിച്ചെത്തും. അതിനോടൊപ്പം യാത്രാനന്തരം യാത്രാനുഭവങ്ങൾ സഹപാഠികൾക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.

date