Skip to main content

പൊന്നോണം 2023: നാടകോത്സവത്തിന് നാളെ തുടക്കമാവും 

 

ജില്ലാതല ഓണാഘോഷ പരിപാടി 'പൊന്നോണം 2023' ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടകോത്സവം നാളെ (ആഗസ്റ്റ് 31) ടൗൺഹാളിൽ ആരംഭിക്കും. വൈകുന്നേരം ആറ് മണിക്ക് കെ.എം സച്ചിൻദേവ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും ചേർന്നാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ആദ്യദിനം വൈകുന്നേരം ഏഴ് മണിക്ക് നാടക് ചേളന്നൂർ അവതരിപ്പിക്കുന്ന 'മറവ്' എന്ന നാടകം അരങ്ങിലെത്തും. നാടകത്തിന്റെ രചന അനിൽ പി.സി പാലവും സംവിധാനം കെ.കെ പുരുഷോത്തമനുമാണ് നിർവഹിച്ചിരിക്കുന്നത്. എട്ടുമണിക്ക് ചേളന്നൂർ നാടകം പൂക്കുന്ന കാട്  അവതരിപ്പിക്കുന്ന 'പേടി' എന്ന നാടകം അരങ്ങേറും. ഗിരീഷ് പി സി പാലമാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് വൈകുന്നേരം ഏഴ് മണിക്ക് സങ്കീർത്തന കോഴിക്കോട് അവതരിപ്പിക്കുന്ന 'ചിറക്' നാടകം അരങ്ങിലെത്തും. പ്രദീപ് കുമാർ കാവുന്തറ രചന നിർവഹിച്ച നാടകത്തിന്റെ സംവിധാനം രാജീവൻ മമ്മിളിയാണ്.

സെപ്റ്റംബർ രണ്ടിന് വൈകുന്നേരം ഏഴ് മണിക്ക് രംഗമിത്ര കോഴിക്കോട് അവതരിപ്പിക്കുന്ന 'പണ്ട് രണ്ട് കൂട്ടുകാരികൾ' എന്ന നാടകം വേദിയിലെത്തും. പ്രദീപ് കുമാർ കാവുന്തറ രചന നിർവഹിച്ച നാടകത്തിന്റെ സംവിധാനം രാജീവൻ മമ്മിളിയാണ്. സെപ്റ്റംബർ മൂന്നിന് വൈകുന്നേരം ഏഴ് മണിക്ക് തിയേറ്റർ സ്റ്റേജ് അവതരിപ്പിക്കുന്ന നാടകം 'ഇമ്മള്' അരങ്ങിലെത്തും. പ്രേമൻ മുചുകുന്നാണ് സംവിധാനം. രാത്രി എട്ടുമണിക്ക് 'വെളു വെളുത്ത കറുപ്പ്' നാടകം അരങ്ങിൽ എത്തുന്നതോടെ നാടകോത്സവത്തിന് സമാപനമാകും. ഗിരീഷ് കളത്തിൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ അവതരണം നന്മ പെരുമണ്ണയാണ്.

date