Skip to main content

"ഗാന്ധിപഥം തേടി": ജില്ലാ പഞ്ചായത്തിന്റെ പഠന യാത്രയ്ക്ക് തുടക്കമായി

 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന"ഗാന്ധി പഥം തേടി" യാത്രയ്ക്ക് തുടക്കമായി. യാത്രാ സംഘത്തിന് കോഴിക്കോടൻ പൗരാവലിയുടെ നേതൃത്വത്തിൽ ഫ്രീഡം സ്ക്വയറിൽ നൽകിയ യാത്രയയപ്പ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലാസ്സ്‌ മുറികൾക്കപ്പുറം ശാസ്ത്രീയമായ പഠനത്തിനാണ് ഈ യാത്രയിലൂടെ ജില്ലാ പഞ്ചായത്ത്‌ അവസരം ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് പോലെ വിദ്യാർത്ഥികൾക്കായി പ്രകൃതിയെയും കാടിനെയും അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഠന യാത്രയിലൂടെ വിദ്യാർത്ഥികൾ രാജ്യത്ത് കേരളത്തിന്റെ അംബാസിഡർമാരായി മാറുമെന്ന് മന്ത്രി പറഞ്ഞു. പാഠപുസ്‌തകത്തിനപ്പുറത്ത് നിന്നും നേരിട്ട് കണ്ടും കേട്ടും പഠിക്കാനുള്ള പുതിയ സംരംഭത്തിനാണ് ഇവിടെ തുടക്കമിടുന്നത്. ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യയെ തുറന്നു കാട്ടുന്ന ഒരു യുവ തലമുറയായി വിദ്യാർത്ഥികൾ മാറട്ടെയെന്നും മന്ത്രി ആശംസിച്ചു. കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. 

ജില്ലയിലെ 82 വിദ്യാലയങ്ങളിൽ നിന്നുള്ള എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് യാത്രയിൽ പങ്കെടുക്കുന്നത്. 110 പേരടങ്ങുന്ന സംഘം പോർബന്തറിൽ എത്തി ഗാന്ധിജിയുടെ ജന്മസ്ഥലവും സബർമതിയും സന്ദർശിക്കും. കുട്ടികൾക്കൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, സ്ഥിരം സമിതി അധ്യക്ഷന്മാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും യാത്രയിൽ പങ്കാളികളാവുന്നുണ്ട്.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ബൃഹത്തായ പഠന പോഷണ യാത്രക്ക് ശേഷം സെപ്റ്റംബർ 12 ന് സംഘം തിരിച്ചെത്തും.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, ഡി.ഇ.ഒ ഷാദിയാ ഭാനു, കോഴിക്കോട് സിറ്റി ഡി.ഇ.ഒ ജയകൃഷ്ണൻ എം, വിദ്യാഭ്യാസ കോർഡിനേറ്റർ പ്രവീൺ കുമാർ വി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കളരിപയറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.

date